കൊല്‍ക്കത്ത: കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സിപിഎം കേന്ദ്രകമ്മിറ്റിയുടെ നിര്‍ണായക യോഗം ഇന്ന് കൊല്‍ക്കത്തയില്‍ ചേരാനിരിക്കെയാണ് നിലപാട് കടുപ്പിച്ച് കാരാട്ട് പക്ഷം നിലയുറപ്പിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ നിലനില്പ്പില് വിട്ടുവീഴ്ചയില്ലെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. പാര്‍ട്ടി നയത്തില്‍ വെള്ളം ചേര്‍ക്കാനാകില്ല. 25 വര്‍ഷത്തെ തെറ്റുതിരുത്തല്‍ നടപടി പാഴാക്കരുതെന്നും ഭിന്നാഭിപ്രായമുള്ളവര്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉന്നയിക്കാമെന്നും കാരാട്ട് പക്ഷം നിലപാട് വ്യക്തമാക്കി.
ഇന്ന് രാവിലെ 10.30 നാണ് കൊല്‍ക്കത്തയിലെ മുസഫര്‍ അഹമ്മദ് നഗറില്‍ ആരംഭിക്കുക. നിര്‍ണായകമായ യോഗം ആരംഭിക്കാനിരിക്കെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ് ഇരുപക്ഷവും. പ്രായോഗിക രാഷ്ട്രീയ സമീപനങ്ങള്‍ സ്വീകരിക്കണമെന്നും ബിജെപിയെ മുഖ്യ ശത്രുവായി കണ്ട് കോണ്‍ഗ്രസുമായി സഹകരണം നേരിട്ടുണ്ടാക്കിയില്ലെങ്കിലും പ്രാദേശികമായ സഹകരണമോ നീക്കുപോക്കുകളോ ആകാമെന്നുമാണ് യെച്ചൂരി പക്ഷത്തിന്റെ നിലപാട്. ഇത് അംഗീകരിക്കാനാകില്ലെന്നാണ് കാരാട്ട് പക്ഷം നിലപാടെടുത്തതോടുകൂടിയാണ് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച കരടില്‍ ധാരണയുണ്ടാകാതെ പോയത്. ഇന്ന് യോഗം ചേരാനിരിക്കെ കടുത്ത നിലപാടിലാണ് കാരാട്ട് പക്ഷം.
കഴിഞ്ഞ 25 വര്‍ഷത്തെ അടവുനയങ്ങള്‍ പരിശോധിച്ച് അടവുനയ അവലോകന രേഖ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു. അതിന് അംഗീകാരവും നേടിയിരുന്നു. ഇത് നിലനില്‍ക്കെ അതിനെ തള്ളിക്കളയുന്ന തരത്തില്‍ കോണ്‍ഗ്രസുമായി സഹകരണം ആകാമെന്ന് പറയുന്നത് പാര്‍ട്ടിയുടെ നയങ്ങളെ തന്നെ തള്ളിപ്പറയുന്നതിന് തുല്യമാകും, അത് അംഗീകരിക്കാനാകില്ല, പ്രാദേശികമായി പോലും കോണ്‍ഗ്രസുമായി നീക്കപോക്കുണ്ടാക്കുന്നത് പാര്‍ട്ടിക്ക് ഗുരുതരമായി ദോഷം ചെയ്യും. അതിനാല്‍ അത്തരമൊരു നീക്കുപോക്ക് സാധ്യമല്ല. പാര്‍ട്ടി നയങ്ങളില്‍ വെള്ളം ചേര്‍ത്തുകൊണ്ട് ഒരു നീക്കുപോക്കിനും തയ്യാറല്ല എന്ന നിലപാടാണ് കാരാട്ട് പക്ഷം എടുത്തിരിക്കുന്നത്. ഇക്കാര്യം ശക്തമായി കേന്ദ്രകമ്മിറ്റിയില്‍ ഉന്നയിക്കും.
അതേസമയം ബംഗാള്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രായോഗിക രാഷ്ട്രീയത്തില്‍ ഊന്നിയുള്ള നിലപാടാണ് പാര്‍ട്ടി എടുക്കേണ്ടത് എന്നാണ് യെച്ചൂരി പക്ഷം പറയുന്നത്. ബംഗാള്‍ ഘടകത്തിന്റെ പിന്തുണയും ഇതിന് യെച്ചൂരിക്കുണ്ട്. ഇന്നത്തെ യോഗത്തില്‍ ശക്തമായ വാദങ്ങള്‍ രണ്ടുവിഭാഗവും ഉന്നയിക്കുമെന്നത് ഉറപ്പാണ്. രണ്ടുവിഭാഗങ്ങളും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ കരട് രാഷ്ട്രീയ പ്രമേയത്തിന് വോട്ടെടുപ്പ് വേണ്ടിവന്നേക്കുമെന്നാണ് വിവരം. കഴിഞ്ഞ പിബി അംഗീകരിച്ചത് കാരാട്ട് പക്ഷം മുന്നോട്ട് വെച്ച രേഖയായിരുന്നു. 16 അംഗ പിബിയില്‍ 11 പേരും കാരാട്ടിനൊപ്പമായിരുന്നു. അതേസമയം വിഷയം പരിഗണിച്ച കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയില്‍ രണ്ടുപക്ഷത്തിനും സമാനമായ പിന്തുണയാണ് ലഭിച്ചത്. അതുകൊണ്ടാണ് ഇന്നത്തെ കേന്ദ്രകമ്മിറ്റി നിര്‍ണായകമാകുന്നത്. ബംഗാള്‍, ഓഡീഷ, മഹാരാഷ്ട്ര ഘടകങ്ങളാണ് യെച്ചൂരിക്ക് പിന്തുണ നല്‍കുന്നത്.
Discussion about this post