കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ജാസ് ടൂറിസം കമ്പനിയില്‍ നിന്ന് 13 കോടി രൂപ വാങ്ങി പണം തിരിച്ചു നല്‍കാത്തതിന് കേസ് നിലവിലുണ്ടെന്ന് രാഹുല്‍ കൃഷ്ണയുടെ വെളിപ്പെടുത്തല്‍. താന്‍ ഇടപെട്ടാണ് ഔഡി കാര്‍ വാങ്ങുന്നതിനായും മറ്റും ബിനോയ് കോടിയേരിക്ക് ജാസ് ടൂറിസം കമ്പനിയില്‍ നിന്നും പണം ശരിയാക്കിക്കൊടുത്തത്. . ദുബായില്‍ വായ്പ ലഭിക്കാന്‍ മാത്രം സ്വാധീനമോ സ്വത്തുക്കളോ ബിനോയ്ക്കോ ശ്രീജിത്തിനോ ഉണ്ടായിരുന്നില്ല. കമ്പനിയുടെ ലാഭവിഹിതത്തില്‍ നിന്നാണ് താന്‍ ഇടപെട്ട് പണം ലഭ്യമാക്കിയതെന്ന് രാഹുല്‍ കൃഷ്ണ പറഞ്ഞു.
6000 ദിര്‍ഹം നല്കി കേസ് ഒഴിവാക്കിയതായി ബിനോയ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇതു വണ്ടിചെക്കുമായി ബന്ധപ്പെട്ട കേസാണെന്ന് രാഹുല്‍ കൃഷ്ണ പറഞ്ഞു. ബിനോയ് കോടിയേരി കമ്പനിക്ക് നല്‍കിയിരുന്ന വണ്ടിചെക്ക് മടങ്ങിയതിന്റെ പിഴ മാത്രമാണ് നല്‍കിയിട്ടുള്ളത്.
രണ്ടു കേസുകളാണ് ബിനോയ്ക്കെതിരെ കോടതിയില്‍ ഉണ്ടായിരുന്നത്. ഒന്ന് കമ്പനിക്ക് നല്കിയ പണം തിരിച്ചുകൊടുക്കാത്തിനെതിരെയുള്ളതാണ്. ഈ കേസ് ഇപ്പോഴും നിലവിലുണ്ട്. വണ്ടിചെക്കുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പോലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ ഒത്തുതീര്‍പ്പായി. ഈ കേസാണ് 60,000 ദിര്‍ഹം നല്കി ഒത്തുതീര്‍പ്പാക്കിയത്. പക്ഷെ, വാങ്ങിയ 13 കോടി രൂപ തുക തിരിച്ചു നല്‍കാത്തിനുള്ള കേസ് ഇപ്പോഴും നിലവിലുണ്ട്. ഈ പണം ആവശ്യപ്പെട്ടാണ് കമ്പനി ഉടമ അബ്ദുള്ള മര്‍സൂക്കി ഇന്ത്യയിലെത്തിയിരിക്കുന്നതെന്നും രാഹുല്‍ കൃഷ്ണ പറഞ്ഞു.
രാഹുല്‍ വെളിപ്പെടുത്തുന്ന മറ്റു കാര്യങ്ങള്‍ ഇവയാണ്-പണം ആവശ്യപ്പെട്ട് 17ലധികം തവണ ശ്രീജിത്തിന്റെ അച്ഛനും എം.എല്‍.എയുമായ വിജയന്‍പിള്ളയെ കണ്ടിരുന്നു. പക്ഷെ ശ്രമങ്ങളെല്ലാം വിഫലമായി. ചര്‍ച്ചയിലൂടെ കേസ് ഒത്തുതീര്ക്കാനായിരിക്കും ആദ്യം ശ്രമിക്കുക. അത് നടന്നില്ലെങ്കില്‍ മാത്രമേ ഇന്റര്‍പോളിന്റെ സഹായം തേടുകയടക്കമുള്ള മറ്റു നടപടികളിലേക്ക് കടക്കുകയുള്ളുവെന്നും രാഹുല്‍ കൃഷ്ണ പറഞ്ഞു.
2015ലാണ് ഈ കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. അക്കാലത്താണ് രാഹുല്‍ കൃഷ്ണ ഇടപെട്ട് ബിനോയ് കോടിയേരിക്ക് പണം വാങ്ങി നല്‍കുന്നത്. രാഹുലിന് അന്ന് ജാസ് ടൂറിസം കമ്പനിയില്‍ 49 ശതമാനം ഓഹരി പങ്കാളിത്തവും മാനേജിങ് പാര്‍ട്ട്നര്‍ എന്ന തസ്തികയും ഉണ്ടായിരുന്നു. 2016ലാണ് രാഹുല്‍കൃഷ്ണ തന്റെ ഓഹരികള്‍ മറ്റൊരാള്‍ക്ക് വില്‍ക്കുന്നത്. ഇതാര്ക്കാണെന്നതിന്റെ സ്ഥിരീകരണം രാഹുല്‍ നല്‍കുന്നില്ല. തനിക്കിപ്പോള്‍ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നും രാഹുല്‍ കൃഷ്ണ പറയുന്നു.
Discussion about this post