inface book -കാളിയമ്പി അമ്പി
”ഇപ്രാവശ്യത്തെ പദ്മ അവാര്‍ഡുകള്‍ കണ്ടിട്ട് കരച്ചില് വരുന്നു. കരച്ചില് വരുന്നത് സങ്കടം കൊണ്ടല്ല, ഇത്രയധികം നേരിട്ട് ജീവിതത്തില്‍ സ്വാധീനിച്ച പ്രതിഭകള്‍ ഒരു നിരയില്‍ നില്ക്കുമ്പോള് കാണുന്ന ആഹ്ളാദത്തിനു അതിരില്ല.
പരമേശ്വര്‍ജി അതില്‍ ഏറ്റവും വലിയയാളാണ്. ഞാനായി അദ്ദേഹത്തിനെപ്പറ്റി ഒന്നും പറയുന്നില്ല. 90കളുടെ അവസാനമെപ്പോഴോ അദ്ദേഹം നടത്തിയ ഒരു ഗീതാശിബിരത്തില് പോയ പോക്കാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. കൂടുതല്‍ പറയാനില്ല. വലിയ കഥയാണ്. ചെറുകഥകള്‍ പറഞ്ഞുതീര്‍ക്കണം.
ലക്ഷ്മിക്കുട്ടി എന്ന പൊന്മുടിയിലെ നാട്ടുവൈദ്യം ചെയ്യുന്ന പ്രഗത്ഭയായ വൈദ്യ. ഒരു ചെറിയ കുടിലില്‍ ജീവിച്ച് അമൂല്യമായ ജീവിതപാഠങ്ങളുമായി കഴിയുന്ന ഒരു തനിത്തങ്കം പോലെയുള്ള ജീവിതം. പണ്ടേ ഏതോ ടീവി റിപ്പോര്‍ട്ടില്‍ വന്നത് കണ്ട് ശ്രദ്ധിച്ചിരുന്ന ഒരു ജീവിതമാണ്. എല്ലാവര്ക്കും പൈത്യം എന്ന് കാട്ടാക്കട മുരുകന്റെ കവിതയുടേ പാരഡി പാടിയത് പോലും ഓര്‍മ്മ നില്ക്കുന്നു. അതേ അവര്‍ അങ്ങനെയാണന്ന് പറഞ്ഞത്. നമ്മുടെ കാട്ടാക്കട മുരുകന്റെ കവിത!
മലയാളികള്‍ക്ക് അല്ല ഭാരതീയര്‍ക്ക് തന്നെ പാലിയേറ്റീവ് മെഡിസിന്, വേദനാസംഹാരചികിത്സ (സാന്ത്വന ചികിത്സ എന്ന വാക്ക് ഞാന്‍ എടുത്ത് കുപ്പത്തൊട്ടിയില്‍ കളയും. എല്ലാ ചികിത്സയും സാന്ത്വനചികിത്സ തന്നെ) എന്തെന്ന് കാട്ടിത്തന്ന ഡോക്ടര്‍ എം ആര് രാജഗോപാല്‍. കോഴിക്കോട് മെഡിക്കല്‍ക്കോളേജില്‍ തുടങ്ങി പാലിയം ഇന്‍ഡ്യയിലും WHO യിലുമൊക്കെ എത്തിനില്‍ക്കുന്ന മഹത് വ്യക്തിത്വം. Narcotic Drugs and sPychtoropic Substances (NDPS) Act of India in 2014 ഉണ്ടാക്കാന്‍ ഏറ്റവുമധികം പണിപ്പെട്ട മനുഷ്യന്.
നേരിട്ടറിയാം നിസ്വാര്‍ത്ഥനായ ആ വ്യക്തിത്വത്തെ. ആ ജീവിതത്തെ. അടുത്ത് ഇടപഴകിയിട്ടുമുണ്ട്. ഇന്ന് ചിലപ്പോ എന്നെ ഓര്ക്കുന്നില്ലായിരിയ്ക്കുമെങ്കിലും ഒരിയ്ക്കല്ക്കണ്ടവര്ക്ക് പോലും മറക്കാന്‍ സാദ്ധ്യമല്ല ആ അപൂര്വമനുഷ്യനെ. ആനസ്തേഷ്യോളജിയുടെ സൈഡുവാരം ഒതുങ്ങിക്കിടന്ന വേദനമരുന്നുകളെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരാന്‍ ഏറ്റവും കൂടുതല്‍ പണിയെടുത്തത് ആ മനുഷ്യനാണ്.
റൊമിലസ് വിറ്റേക്കര്‍! അതേ…ന്യൂയോര്‍ക്കില്‍ ജനിച്ച് ഭാരതത്തിലെത്തി ഇവിടത്തെ പാമ്പുകളെപ്പറ്റി പഠിച്ച് ഈ നാടിനെയും സംസ്കാരത്തേയും പ്രകൃതിയേയുമൊക്കെ ഹൃദയത്തോളം പുണര്‍ന്ന മഹാന്. ചെറുപ്രായത്തില്‍ വായിച്ച പാമ്പുകളേപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ പുസ്തകം..ലേഖനങ്ങള്‍. കണ്‍സര്‍വേഷന്‍ എന്ന ഐഡിയയെ എത്രത്തോളം മനസ്സിലെടുക്കാന്‍ സഹായിച്ച ആശയങ്ങള്‍ …ഇദ്ദേഹത്തിന്റേതാണ്.
അരവിന്ദ് ഗുപ്ത! ഇതെഴുതുമ്പോള്‍ ഞാന്‍ ശരിയ്ക്കും ഞെട്ടിയിരിയ്ക്കുകയാണ്. അരവിന്ദ് ഗുപ്ത. തീപ്പട്ടിക്കോലുകൊണ്ടും പെന്‍സില്‍ കൊണ്ടും കുപ്പിയും കുപ്പിയുടെ അടപ്പും എന്ന് വേണ്ട ബട്ടണുകളും മെഴുകുതിരികളും കൊണ്ട് വരെ കളിപ്പാട്ടങ്ങളുണ്ടാക്കി നമ്മളെ ശാസ്ത്രം പഠിപ്പിച്ച അരവിന്ദ് ഗുപ്ത. ഒരു അഞ്ചാം ക്ളാസിലായിരിയ്ക്കണം ഈ മനുഷ്യന്റെ ആദ്യ പുസ്തകം എന്റെ കയ്യിലെത്തുന്നത്. വീട്ടില്‍ പിന്നീടൊരു ബട്ടണ്‍സും വാല്‍വ് ട്യൂബുകളും തീപ്പട്ടിക്കോലും കുപ്പിയും അടപ്പും ഒന്നും വെറുതേ പോയിട്ടില്ല, ക്യൂബുകളും ചെറുവണ്ടികളായും വെള്ളം ചീറ്റികളായും ബലൂണില്‍ ഓടുന്ന വണ്ടികളായുമൊക്കെ അച്ചാറുകുപ്പികളും സ്ട്രോകളും ഒക്കെ ‘നശിപ്പിയ്ക്കാന്‍’ എനിയ്ക്ക് പ്രേരണ നല്കിയ ആ മനുഷ്യനും പത്മ അവാര്‍ഡ് കിട്ടി എന്ന് കേള്‍ക്കുമ്പോള്‍ എന്റെ അമ്മയ്ക്ക് പഴയ അച്ചാറുകുപ്പികളും സൂക്ഷിച്ചു വച്ചിരിയ്ക്കുന്ന ബട്ടന്സുമൊക്കെ വണ്ടികളാക്കിയെ എന്നെപ്പറ്റി അല്‍പ്പം മതിപ്പൊക്കെ തോന്നുമായിരിയ്ക്കും.
ഇപ്പോഴാണ് കേള്‍ക്കുന്നത് ക്രിസോസ്റ്റം തിരുമേനിയെപ്പറ്റി. ഇരട്ടിമധുരമാണ് ആ ജീവിതത്തിനു കിട്ടുന്ന പുരസ്കാരം. ആത്മജ്ഞാനം എന്നെല്ലാവരും പറയുന്ന, പരമസത്യമനുഭവിച്ചറിയുന്ന ഭാരതത്തിലെ ആര്‍ഷസംസ്കാരത്തിന്റെ വെളിച്ചത്തെ ഒരു ക്രൈസ്തവനായിരുന്ന് മാത്രമല്ല, ക്രൈസ്തവസഭയുടെ അധികാരിയായിരുന്നു തന്നെ ലോകമെമ്പാടും പരത്താന്‍ കഴിയുമെന്ന് തെളിയിച്ച മഹാത്മാവാണ് ക്രിസോസ്റ്റം തിരുമേനി. ആ മനുഷ്യനോടുള്ള ഭക്തി ഈ ടൈമ്ലൈനില്ത്തന്നെ താഴോട്ടുനോക്കിപ്പോയാല് പലതവണ എഴുതിയിട്ടുണ്ട്. അയ്യപ്പസ്വാമിയെന്നും ഭഗവാന് ശ്രീകൃഷ്ണനെന്നും ക്രിസോസ്റ്റം തിരുമേനി പറയുമ്പോള്‍ ആ വാക്കുകള്‍ വരുന്ന നേരം തന്നെ കേള്‍ക്കുന്നവനു മനസ്സിലാകും ആ മനസ്സിലെ താദാത്മ്യപ്പെടലിന്റെ ആഴം. അതിലുപരിയായി ക്രൈസ്തവ തിയോളജിയെ സൂഫികളേപ്പോലെ ആത്മജ്ഞാനത്തിന്റെ ധാരയിലേയ്ക്ക് ഒഴുക്കിച്ചേര്‍ത്ത ഒരു വിശുദ്ധപുരുഷനുമാണ് ക്രിസോസ്റ്റം തിരുമേനി.
ഇളയരാജ…എന്നും എപ്പോഴും ഇളയരാജയെന്ന മനുഷ്യന് പാടിയ ഒരൊറ്റ പാട്ടാണ് ജീവിതത്തിനു വെളിച്ചമാകുന്നത്. എന്റേയും ഇളയരാജയുടേയും അമ്മയായ കൊല്ലൂരെ മൂകാംബികാദേവിയെപ്പറ്റിയുള്ള സൗന്ദര്യലഹരി ആമുഖമായിവരുന്ന ജനനീ ജനനീ എന്ന ഗാനം. ആ ഒരൊറ്റ ഗാനമാണ് ഏത് ആകാശമിരുളുന്ന അപരാഹ്നത്തിലും ആരണ്യകങ്ങളില്‍ കാലിടറുമ്പോഴും മനസ്സിലോടിയെത്തുന്നത്. ആ ഗാനമാണ്. എത്ര ഗാനങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടാലും മെമ്മറി കാര്‍ഡുകളില്‍ എന്നും കൂട്ടായുള്ളത്.
എനിയ്ക്ക് വയ്യ. ഇതാ ചരിത്രത്തിലാദ്യമായി ഒരു പത്മാ അവാര്‍ഡ് നല്‍കുന്നത് കണ്ട് കരഞ്ഞുപോയിരിയ്ക്കുന്നു. പ്രാഞ്ചിയേട്ടന്മാരില്ല, കെട്ടിയിറക്കിയ മഹാത്മാക്കളില്ല, ഷോ ഓഫ് കാരില്ല…ജനങ്ങളുടെ ഇടയില്‍ ജനങ്ങള്‍ക്കായി നിലനിന്ന മഹാത്മാക്കള്‍ക്ക് എന്റെ ഇത്രയും കാലത്തേ ജീവിതത്തിലാദ്യമായി പത്മാ അവാര്‍ഡുകളില്‍ ഇത്രയും എണ്ണം നീക്കിവച്ചിരിയ്ക്കുന്നു. മനോഹരം.
ഇത് എനിയ്ക്ക് വേണ്ടി, ഇത്രയും കാലത്ത് ഞാന്‍ മഹത്തരമെന്ന് കരുതിയതൊന്നും മോശമായിരുന്നില്ല എന്ന് എന്നെ ഓര്മ്മിപ്പിയ്ക്കുന്നതിനു വേണ്ടി നല്കുന്ന പത്മ അവാര്‍ഡുകളാണ്. സോറി മൈ ഫ്രണ്ട്സ്. അല്‍പ്പം ഇമോഷണലാകാന്‍ ആര്‍ക്കും ഈയവസരത്തില്‍ അവകാശമുണ്ട്.”
https://www.facebook.com/kaaliyambi/posts/1534661656653443
Discussion about this post