തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം. മാണിയെ വിജിലന്‍സ് വൈകാതെ ചോദ്യംചെയ്യും. അതീവ രഹസ്യമായി ചോദ്യം ചെയ്യാനാണ് വിജിലന്‍സിന്റെ തീരുമാനം. ബാര്‍ ഉടമകളെ ഒരു തവണ കൂടി ചോദ്യം ചെയ്തതതിന് ശേഷമാകും മാണിയെ ചോദ്യം ചെയ്യുക.
സൗകര്യപ്രദമായ സമയം ചോദിച്ച് അന്വേഷണച്ചുമതലയുള്ള എസ്.പി. ആര്. സുകേശന് മാണിയെ ബന്ധപ്പെട്ടുകഴിഞ്ഞതായാണ് സൂചന. ബറുടമകളില് നിന്നും, ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി ഉള്‍പ്പടെയുള്ള സാക്ഷികളില്‍നിന്ന് കിട്ടിയ മൊഴികളും തെളിവുകളും ഒത്തു നോക്കുന്നതിനാണ് മാണിയെ ചോദ്യംചെയ്യുന്നത്. മാണി ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ദേശിക്കുന്ന സമയത്ത് എത്തി ചോദ്യംചെയ്യാനാണ് വിജിലന്‍സ് ആലോചിക്കുന്നത്. ബിജു രമേശിന്റെ കാര്‍ മാണിയുടെ വീട്ടിലെത്തിയോയെന്നറിയാനും ആ രജിസ്റ്റര്‍ പിടിച്ചെടുക്കാനും അതീവരഹസ്യമായിട്ടാണ് വിജിലന്‍സ് ഏപ്രില്‍ 25ന് മാണിയുടെ വീട്ടിലെത്തിയത്. പക്ഷേ, പിന്നീടാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
ബാറുടമകളെ തനിക്ക് അറിയില്ലെന്നും ആരില്‍നിന്നും പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് ക്വിക് വെരിഫിക്കേഷന് സമയത്ത് മാണി നല്കിയ മൊഴി. ഈ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് വിജിലന്‍സിന്റെ നിഗമനം.
ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണിയും സംഘവും മാണിയുടെ ഔദ്യോഗിക വസതിയില്‍ ഏപ്രില്‍ രണ്ടിന് പണവുമായി പോയെന്നായിരുന്നു ബിജുവിന്റെ ആദ്യ വെളിപ്പെടുത്തല്‍. മാണി പണം കൈപ്പറ്റിയെന്നും മൊഴി നല്‍കിയിരുന്നു. കോഴ കൈമാറിയെന്ന് പറയപ്പെടുന്ന ദിവസം മാണിയുടെയും ബാറുടമകളുടെയും കാര്‍ ഓടിച്ചിരുന്ന അമ്പിളിയുടെയും മൊബൈലുകള്‍ ഒരേ ടവര്‍ പരിധിയിലായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post