തിരുവനന്തപുരം: സര്‍ക്കാര്‍ ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട വിജ്ഞാപനം വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാനൊരുക്കി നഴ്സുമാര്‍. വിഷയത്തില്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയമായതോടെയാണ് നഴ്സിങ് സംഘടനകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
മുന്‍പ് നഴ്സുമാര്‍ ഒപി മാത്രം ബഹിഷ്കരിച്ച് അത്യാഹിത വിഭാഗത്തിലെ ജോലികള്‍ ചെയ്താണ് സമരത്തില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ ഏപ്രില്‍ 24 മുതല്‍ സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രി നഴ്സുമാരും പണിമുടക്കുമെന്ന് നഴ്സിംഗ് സംഘടനകള്‍ അറിയിച്ചു.
ശമ്പള പരിഷ്കരണം തീരുമാനിക്കാന്‍ നിയോഗിച്ച ഉപദേശ സമിതി റിപ്പോര്‍ട്ട് പ്രകാരം നേരത്തെ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എന്നാല്‍ വിജ്ഞാപനം ചോദ്യം ചെയ്ത് ആശുപത്രി മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. പിന്നീട് ഹൈക്കോടതി തന്നെ സ്റ്റേ നീക്കി തീരുമാനമെടുക്കാനുള്ള അവകാശം സര്‍ക്കാരിന് നല്കി.അതോടെ വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനം അനന്തമായി നീളുകയായിരുന്നു.
മാര്‍ച്ച് 31ന് മുന്‍പ് വിജ്ഞാപനം പുറത്തിറക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ ഇത് നടക്കാതെ വന്നതോടെ ഏപ്രില്‍ പത്തിന് നഴ്സുമാര്‍ വീണ്ടും സമരമുഖത്ത് ഇറങ്ങി. സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുന്ന നഴ്സുമാര്‍ ഏപ്രില്‍ 24ന് മുന്‍പ് ശന്പള വിജ്ഞാപനം ഇറക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന കാര്യവും സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ശമ്പള പരിഷ്കരണം സംബന്ധിച്ച് രണ്ടര വര്‍ഷമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ഇനിയും സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുന്നത് നീട്ടിക്കൊണ്ടുപോയാല്‍ ആശുപത്രി മുതലാളിമാരെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് കണക്കാക്കേണ്ടി വരുമെന്ന് നഴ്സിംഗ് സംഘടനകള്‍ വ്യക്താക്കി. വിഷയത്തില്‍ ഇനി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്നും അന്തിമവിജയം ഉണ്ടാകുന്നത് വരെ നഴ്സുമാര്‍ സമരരംഗത്തുണ്ടാകുമെന്നും യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന് ഷാ അറിയിച്ചു.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ മുഴുവന്‍ സമര രംഗത്തിറങ്ങുന്നതോടെ ആരോഗ്യ മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് സര്‍ക്കാരിനെ കാത്തിരിക്കുന്നത്. ഏകദേശം 450 ഓളം സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം 24 മുതല്‍ തടസപ്പെടുമെന്നാണ് കരുതുന്നത്.
Discussion about this post