തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതിനെതിരെ വനിതാകമ്മീഷന്. താരസംഘടനയായ ‘അമ്മ’ സ്വീകരിച്ച നടപടി ശരിയല്ലെന്ന വിമര്‍ശനവുമായ് വനിതാകമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന് രംഗത്തെത്തി. അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് നടിമാരായ ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന് എന്നിവര്‍ സംഘടനയില്‍ നിന്ന് രാജിവച്ചു പുറത്തു പോയ സാഹചര്യത്തിലായിരുന്നു ജോസഫൈന്റെ പ്രതികരണം. സംഘടനയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനം ഏറ്റെടുത്ത ദിനത്തിലായിരുന്നു ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഉണ്ടായത്. ഇത് ശരിയല്ലെന്നും കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്നും ജോസഫൈന് വ്യക്തമാക്കി.
ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ നടി മഞ്ജു വാര്യര്‍ മൗനം വെടിയണമെന്നും ജോസഫൈന് ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവായിരുന്നു. സംഭവത്തെ അപലപിക്കാന്‍ അമ്മ നടത്തിയ യോഗത്തിലായിരുന്നു മഞ്ജുവിന്റെ പ്രസ്താവന. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിക്കുന്നതില്‍ മഞ്ജുവും മുന്നിട്ടിറങ്ങിയിരുന്നു
ഇടത് എം.എല്‍.എ മാരായ ഗണേഷ് കുമാറിന്റെയും മുകേഷിന്റെയും നിലപാട് സര്‍ക്കാര്‍ ഗൗരവകരമായി എടുക്കണമെന്നും ജോസഫൈന് കൂട്ടിച്ചേര്‍ത്തു.
Discussion about this post