ഡല്‍ഹി: പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടു്പപില്‍ 34 ശതമാനം സീറ്റുകളിലും മത്സരമില്ലാതെ പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടുവെന്നത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ആശങ്ക ഉണ്ടാക്കുന്നുവെന്ന് സുപ്രീം കോടതി. പശ്ചിമ ബംഗാളിലെ 58,692 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 16,860 സീറ്റുകളിലും മത്സരമില്ലാതെ തെരഞ്ഞെടുപ്പ് നടന്നത് ഞെട്ടിപ്പിക്കുന്നുവെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പി.എസ് പട്വാലിയയാണ് ഹരജി നല്‍കിയത്. താഴേത്തട്ടില്‍ ജനാധിപത്യം പ്രവര്‍ത്തിക്കുന്നേയില്ല എന്നതാണ് ഈ സംഭവം വെളിവാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കാര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.പി.എസ് പട്വാലിയ നല്കിയ ഹരജിയില്‍ പറയുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ എത്രയും വേഗം കോടതിയെ അറിയിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്കി.ഗ്രാമപഞ്ചായത്തുകള്‍, പഞ്ചായത്ത് സമിതികള്‍, ജില്ല പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ മുഴുവന്‍ കണക്കുകളും വിവരങ്ങളും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ഇലക്ഷന് കമ്മിഷനോട് ആവശ്യപ്പെട്ടു.
1000 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരത്തില്‍ നിന്നും പിന്മാറാന് തങ്ങളുടെമേല്‍ കടുത്ത സമ്മര്‍ദവും ഭീഷണിയുമുണ്ടെന്ന് പരാതി നല്‍കിയിരുന്നതായി ഇലക്ഷന് കമ്മിഷന് അറിയിച്ചു. ഈ പരാതികളില്‍ വേണ്ട നടപടികളെടുത്തെന്നും എന്നാണ് കമ്മിഷന്റെ വിശദീകരണം. തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞതിനാല്‍ ഈ വിഷയത്തില്‍ സുപ്രീം കോടതിക്കു ഒന്നും തന്നെ ചെയ്യാനില്ലെന്നായിരുന്നു സംസ്ഥാന ഇലക്ഷന് കമ്മിഷനു വേണ്ടി ഹാജരായ അഡ്വക്കറ്റ് അമരേന്ദ്ര സരണിന്റെ വാദം.16,860 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ മത്സരം നടന്നിട്ടില്ലെന്നത് ഭരണഘടനയിലെ ഒമ്പതാം അധ്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നതിന്റെ തെളിവാണിതെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം.
ബിര്‍ഹാം ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലേക്കുപോലും മത്സരം നടന്നിട്ടില്ല.കുറച്ചു സീറ്റുകളില്‍ മാത്രമായിരുന്നു ഇത്തരത്തില്‍ മത്സരമില്ലാതിരുന്നതെങ്കില് മനസ്സിലാക്കാമായിരുന്നു. പക്ഷെ 34% സീറ്റുകളിലും മത്സരമില്ലായിരുന്നു എന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും കോടതി പറയുന്നു.
മസില് പവര്‍ ഉപയോഗിച്ചാണ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളെ നേരിടുന്നതെന്ന് ബി.ജെ.പിയും സി.പി.ഐ.എമ്മും ആരോപണമുന്നയിച്ചിരുന്നു.ഈ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതു മാത്രമാണെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് കല്യാണ്‍ ബന്ദോപധ്യായ കോടതിയില്‍ പറഞ്ഞത്. വര്‍ഷങ്ങളായി പശ്ചിമ ബംഗാളില്‍ മത്സരമില്ലാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത് പതിവാണെന്നും അദ്ദേഹം വാദിച്ചു.
Discussion about this post