മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് കൂടുതല്‍ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്കി. ഇതേപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയന് മോദിയുമായി സംസാരിച്ചിരുന്നു. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായും മുഖ്യമന്ത്രി സംസാരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് രാജ് നാഥ് സിംഗ് അറിയിച്ചു.
വെള്ളം പൊങ്ങാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ മാറി പാര്‍ക്കണമെന്ന് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ വിധത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പ് നല്കി.
സുളു എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ നിന്നും കൂടുതല്‍ ഹെലികോപ്റ്ററുകള്‍ കേരളത്തിലേക്ക് വരുന്നുണ്ട്. എം.ഐ 17 ഹെലികോപ്റ്ററുകള്‍ ആറന്മുള അടൂര്‍ ഭാഗത്തേക്ക് പോയിട്ടുണ്ട്. ഇത് കൂടാതെ മിലിട്ടറി എഞ്ചിനിയറിംഗ് ടാസ്ക് ഫോഴ്സിന്രെ ഒരു കോളം കോഴിക്കോട് എത്തിയിട്ടുണ്ട്. മറൈന്‍ കമാന്റോസും കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
ഇതിനിടെ വെള്ളി, ശനി ദിവസങ്ങളില്‍ നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ട്.
Discussion about this post