കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ പോലിസിന് മുന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഹാജരാകുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാനാവാതെ നാണം കെട്ട് കേരള പോലിസ്. ബിഷപ്പ് ഇന്നലെ കേരളത്തിലെത്തി എന്ന സ്ഥിരീകരിക്കാത്ത വാര്‍ത്ത മാത്രമോ പോലിസിന്റെ കയ്യിലുള്ളു. രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാണ് അന്വേഷണ സംഘം ഫ്രാങ്കോ മുളക്കലിന് നല്കിയ നിര്‍ദ്ദേശം. ഇത് പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാം എന്ന് ബിഷപ്പ് അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.
തൃപ്പൂണിത്തുറയില്‍ ഇന്ന് രാവിലെ ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നാണ് പോലിസ് പറഞ്ഞിരുന്നത്. എന്നാല്‍ പത്ത് മണിയായിട്ടും ബിഷപ്പ് എവിടെ എന്നറിയാത്ത അവസ്ഥയിലാണ് പോലിസ്. പത്ത് മണിക്ക് ബിഷപ്പ് ഹാജരാവാതിരുന്നതോടെ ചോദ്യം ചെയ്യല്‍ പതിനൊന്നിലേക്ക് മാറ്റി എന്ന് പോലിസ് പറയുന്നു. പിന്നീട് പതിനൊന്നരക്ക് ചോദ്യം ചെയ്യാന്‍ ബിഷപ്പ് എത്തിയേക്കും എന്ന അന്വേഷണസംഘം മാധ്യമങ്ങളോട് പറയുന്നു.
പത്ത് മണിക്ക് ഹാജരാകാതിരുന്നതോടെ ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരാകില്ല എന്ന അഭ്യൂഹവും ശക്തമാണ്. അറസ്റ്റ് ചെയ്യില്ല എന്ന് പോലിസ് പറഞ്ഞിരുന്നെങ്കിലും ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന ഈ മാസം 25ന് ശേഷം ഹാജരായാല്‍ മതി എന്ന് ബിഷപ്പ് തീരുമാനിക്കുമോ എന്ന സംശയവും ശക്തമാണ്.
കേരളത്തിലെത്തിയിട്ടും ബിഷപ്പ് എവിടെ എന്ന് പറയാന്‍ പോലും പോലിസിന് കഴിയാത്തത് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. റേഞ്ച് ഐജി ഓഫിസില്‍ വിജ്യസാഖറെയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം യോഗം ചേര്‍ന്നിരുന്നു. ഇവിടെ നിന്ന് വൈക്കം ഡിവൈഎസ്പി തൃപ്പൂണിത്തുറയിലേക്ക് തിരിച്ചു.
Discussion about this post