ശബരിമലയിലെ യുവതി പ്രവേശനം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നടത്തുന്ന സമരത്തിനെതിരെയുള്ള നിലപാട് മാറ്റി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പ്രവര്‍ത്തകര്‍ വിശ്വാസികളുടെ സമരത്തില്‍ പങ്കെടുക്കുന്നത് തടയില്ലെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. നേരത്തെ ഇത്തരം സമരങ്ങള്‍ക്കെതിരെ ആവശ്യമെങ്കില്‍ എസ്എന്‍ഡിപി സമരത്തിനിറങ്ങുമെന്ന് വെള്ളാപ്പള്ളി പരസ്യമായി പറഞ്ഞിരുന്നു.
അതേസമയം എസ്എന്‍ഡിപി അനുകൂല രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസ് സമരത്തിന്റെ പാതയിലാണ്. വെള്ളാപ്പള്ളിയെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി, സുഭാഷ് വാസു തുടങ്ങിയ എസ്എന്‍ഡിപി നേതാക്കള്‍ എന്‍ഡിഎയുടെ ലോംഗ് മാര്‍ച്ചില്‍ അണി നിരന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് എസ്എന്‍ഡിപി കൗണ്‍സില്‍ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തത്. ഹിന്ദു സമൂഹത്തിന്റെ പൊതുവികാരത്തിനെതിരായി നില്‍ക്കുന്നത് ശരിയല്ലെന്ന നിലപാട് വെള്ളാപ്പള്ളി അംഗീകരിക്കുകയായിരുന്നു. ഇതോടെ അദ്ദേഹം നിലപാട് മയപ്പെടുത്തി.
ബിഡിജെഎസ് സമരത്തില്‍ പങ്കെടുക്കാമെന്നും, രാഷ്ട്രീയ കക്ഷി സമരത്തില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്ക് അണി ചേരാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശബരിമല സുപ്രിം കോടതി വിധി മറികടക്കാനുള്ള നിയമം പാസാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സമരവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് രംഗത്തിറങ്ങിയിട്ടുണ്ട്. ശബരിമല കര്‍മ്മസമിതി നേതാക്കള്‍ ഇന്ന് വെള്ളാപ്പള്ളിയെ കാണും.
Discussion about this post