ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണെടുത്തതെന്ന് മുന്‍ പി.എസ്.സി ചെയര്മാന് ഡോ.കെ.എസ്.രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. താനൊരു സനാതന ഹിന്ദുവും ബ്രാഹ്മണനുമാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഹുല്‍ ഗാന്ധി ശബരിമല വിഷയത്തില്‍ വൈരുദ്ധ്യാത്മക നിലപാടാണെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല വിഷയത്തില്‍ ജനങ്ങള്‍ വികാരഭരിതരായാണ് പ്രതികരിക്കുന്നതെന്നും അത് വോട്ടിനെ ബാധിക്കുമെന്നും അദ്ദേഹം വിലയിരുത്തി. ഇതിന്റെ നേട്ടം ബി.ജെ.പിയായിരിക്കും കൊയ്യുകയെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ കെ.സുധാകരനെ പോലുള്ള ഒരു നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നാലും അതില്‍ വലിയ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ ആദര്‍ശത്തിന് വലിയ സ്ഥാനമില്ലെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 16 ശതമാനം വോട്ടുള്ള ബി.ജെ.പി വലിയ നേട്ടങ്ങളാണുണ്ടാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും സി.പി.എമ്മില്‍ നിന്നും പല ഹിന്ദുക്കളും അകന്നുപോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ രാന്‍ നായര്‍ ബി.ജെ.പിയില്‍ പോയത് ജയിക്കുമെന്ന് ഉറപ്പായ സീറ്റ് ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം എറണാകുളത്ത് അയ്യപ്പസേവാസംഘം നടത്തിയ പരിപാടിയില്‍ കെ.എസ്.രാധാകൃഷ്ണന് മുഖ്യാതിഥിയായിരുന്നു. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ദൈവവിശ്വാസികളാണന്നും അത് കൊണ്ട് തന്നെ മതത്തെയും ദൈവത്തെയും നിഷേധിക്കുന്ന യൂറോപ്യന്‍ സെക്യുലറിസം ഇവിടെ നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post