സന്നിധാനത്ത് കേരളാ പോലീസ് കൊണ്ടുവന്നിരിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അറിയിക്കാന്‍ അയ്യപ്പ കര്‍മ്മ സമിതി നേതാക്കള്‍ ഇന്ന് കേരളാ ഗവര്‍ണര്‍ പി.സദാശിവത്തെ സമീപിക്കും. ഇന്ന് രാത്രി എട്ട് മണിക്ക് കോട്ടയത്ത് വെച്ചായിരിക്കും ഗവര്‍ണറെ കാണുക.
പോലീസിന്റെ കടുത്ത നിയന്ത്രണങ്ങള്‍ മൂലം ഇരുമുടിക്കെട്ടുമായി പോകുന്ന ഭക്തജനങ്ങള്‍ക്ക് പോലും സന്നിധാനത്തേക്ക് പ്രവേശിക്കാനാകുന്നില്ല. അമിതമായിട്ടുള്ള നിയന്ത്രണങ്ങള്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അയ്യപ്പ കര്‍മ്മ സമിതി നേതാക്കള്‍ വ്യക്തമാക്കും.
ശനിയാഴ്ച ഇരുമുടിക്കെട്ടുമായി വന്ന ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ പോലീസ് കരുതല്‍ നടപടിയെന്ന രീതിയില്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സുരേന്ദ്രനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ ഇരുമുടിക്കെട്ടുമായെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചറെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം കൂടുതല്‍ കരുതല്‍ അറസ്റ്റ് നടത്തുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ പ്രതിഷേധം നടത്താന്‍ സാധ്യതയുള്ള നേതാക്കന്മാരെ നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post