പശ്ചിമബംഗാളില്‍ മമത ബാനര്‍ജി നടത്തിയ ധര്‍ണ്ണയില്‍ പങ്കെടുത്ത പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് രാഷ്്ട്രീയ പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുത്ത പോലീസുദ്യോഗസ്ഥരുടെ മെഡലുകളും മറ്റ് ബഹുമതികളും കേന്ദ്രം റദ്ദാക്കും. ഇത് കൂടാതെ കേന്ദ്ര ഡെപ്യുട്ടേഷനില്‍ നിന്നും ഇവരെ ഒഴിവാക്കുകയും ചെയ്യും.
ചട്ടങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് മുന്‍പ് പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മമത ബാനര്‍ജി സര്‍ക്കാരും സി.ബി.ഐയും തമ്മില്‍ നടന്ന തര്‍ക്കത്തെപ്പറ്റി ബംഗാള്‍ ഗവര്‍ണര്‍ കേശരി നാഥ് ത്രിപാഠി നല്കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണിത്.
ശാരദ ചിട്ടി ഫണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ വന്ന സി.ബി.ഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തേക്ക് ധര്‍ണ്ണ നടന്നിരുന്നു. ഇതിലാണ് രാജീവ് കുമാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തത്. ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് കേന്ദ്രം സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post