ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെയുള്ള ബലാത്സംഗകേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക് . കുറ്റപത്രം നല്‍കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കന്യാസ്ത്രീകള്‍ സമരവുമായി വീണ്ടും രംഗത്ത് ഇറങ്ങുന്നത് . ഈ മാസം ആറിന് സമരപ്രഖ്യാപന കണ്വെന്ഷന് നടത്തും . കൊച്ചിയില്‍ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം .
സെപ്തംബര്‍ 21 നായിരുന്നു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് . മൂന്ന് മാസം നീണ്ടുനിന്ന അന്വേഷണത്തിന് ഒടുവിലായിരുന്നു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത് .
കുറുവിലങ്ങാട് മഠത്തില്‍ വെച്ച് ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയുമായി കന്യാസ്ത്രീ പോലീസിനെ സമീപിച്ചത് 2017 ജ്യൂണ് 27 നായിരുന്നു . ശക്തമായ സാക്ഷി മൊഴികളും തെളിവുകളുമുണ്ടായിരുന്നിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കാലതാമസമെടുത്തു. ഇതേ തുടര്‍ന്ന് കന്യസ്ത്രീയ്ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുറുവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ എറണാകുളത്ത് പ്രത്യക്ഷ സമരത്തിന് ഇറങ്ങുകയായിരുന്നു .
ദേശീയശ്രദ്ധനേടിയ ഈ സമരത്തിനൊടുവില്‍ ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു . എന്നാല്‍ അറസ്റ്റ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ കേസിലെ കുറ്റപത്രം പോലീസ് കോടതിയില്‍ സമര്പ്പിച്ചട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കന്യാസ്ത്രീകള്‍ വീണ്ടും സമരവുമായി തെരുവിലേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നത് .
Discussion about this post