ധനലക്ഷ്മി ബോണ്ട് വിവാദത്തില്‍ നിന്ന് തലയൂരാന്‍ ഭഗവാന് അയ്യപ്പനെ മറയാക്കി വിചിത്ര വാദവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പ്രളയവും യുവതി പ്രവേശന വിധിയും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് അയ്യപ്പന് മുന്‍കൂട്ടി കണ്ടതിനാലാണ് പി.എഫ് ഫണ്ടിലെ 150 കോടി രൂപ ബോണ്ടില്‍ നിക്ഷേപിച്ചതെന്ന് ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
ജീവനക്കാര്‍ പിഎഫിലേക്ക് വിയര്‍പ്പൊഴുക്കി സമ്പാദിച്ച തുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നഷ്ടസാധ്യതയുള്ള ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടില്‍ നിക്ഷേപിച്ചത്. വിമര്‍ശനമുയര്‍ത്തിയ നടപടി ഹൈക്കോടതിയുടെ മുന്നിലെത്തിയപ്പോഴാണ് അതിനെ ന്യായീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് അയ്യപ്പനെ കൂട്ടുപിടിച്ചത്.
ശബരിമല ക്ഷേത്രമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക ആശ്രയം. മഹാപ്രളയത്തിന് പിന്നാലെ വന്ന ശബരിമല യുവതി പ്രവേശന വിധി അപ്രതീക്ഷിതമായിരുന്നു. ഇതേതുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ബോര്‍ഡിനെ സാമ്പത്തികമായി തകര്‍ത്തു. എന്നാല്‍ ഈ കെടുതികളെല്ലാം ഭഗവാന് അയ്യപ്പന് മുന്‍കൂട്ടി കണ്ടുവെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചത്. നഷ്ടം നികത്താന്‍ അയ്യപ്പന് തുറന്നുതന്ന വഴിയാണ് ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടെന്ന് ബോര്‍ഡ് പറയുന്നു.
വേണ്ടത്ര പഠനവും കീഴ്്വഴക്കങ്ങളും ലംഘിച്ചാണ് ദേവസ്വം ബോര്‍ഡ് ജീവക്കാരുടെ പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് 150 കോടിരൂപ ധനലക്ഷ്മി ബാങ്കിന്റെ ബോണ്ട് വാങ്ങാന്‍ ചെലവിട്ടത് . സംസ്ഥാന ഒാഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജീവനക്കാര്‍ വിരമിക്കുമ്പോള്‍ ലഭിക്കുന്ന പ്രോവിഡന്റ് ഫണ്ട് തുക സുരക്ഷിതമായി നിക്ഷേപിക്കണമെന്നാണ് സര്‍ക്കാര്‍ മാര്ഗരേഖകളിലുള്ളത്. കഴിഞ്ഞ വർഷം മാർച്ച് 24ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ബോണ്ട് വാങ്ങുന്നതിനുള്ള തീരുമാനമെടുത്തത്. ട്രഷറികളോ മറ്റ് സുരക്ഷിത ധനകാര്യസ്ഥാപനങ്ങളുടെ ബോണ്ടുകളോ പരിഗണിക്കാതെ സ്വന്തം നിലയില്‍ ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ ബോര്‍ഡ് ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു എന്നാണ് ഒരുവിഭാഗം ജീവനക്കാരുടെ ആക്ഷേപം.
Discussion about this post