തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. പേട്ട പുളിനെയിലില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പേട്ട സ്വദേശികളായ രാധാകൃഷ്ണന്, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. വെള്ളം കെട്ടി നിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് അപടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പത്ര വിതരണം നടത്തിയിരുന്ന കുട്ടിയാണ് രണ്ടു പേര് ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. രാവിലെ കുട്ടി മൃതദേഹങ്ങള്‍ കണ്ട് ഓടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
രാവിലെ 6 മണിയോടെയാണ് രണ്ട് മൃതദേഹങ്ങള്‍ വെളളക്കെട്ടില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ സ്ഥലത്തെത്തിയെങ്കിലും വെളളത്തില്‍ ഇറങ്ങാനായില്ല. തുടര്‍ന്ന് പൊലീസിനേയും കെഎസ്ഇബിയേയും വിരം അറിയിച്ചു. കെഎസ്ഇബി ജീവനക്കാരെത്തി ലൈന്‍ ഓഫ് ചെയ്താണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
സംഭവത്തിന് പിന്നില്‍ കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. അല്പസമയം പ്രതിഷേധം നടത്തിയതിന് ശേഷം മാത്രമാണ് മൃതദേഹങ്ങള്‍ നീക്കാന്‍ നാട്ടുകാര്‍ അനുവദിച്ചത്. മരിച്ചവരുടെ കുടുംബത്തിന് കെഎസ്ഇബി 10 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തിരമായി 2 ലക്ഷം രൂപ അനുവദിച്ചു.
Discussion about this post