മുംബൈ: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ഡിഎന്‍എ പരിശോധന വേണമെന്ന നിലപാടില്‍ മുംബൈ പോലിസ്. കുട്ടിയുടെ പിതാവ് ബിനോയ് ആണെന്ന യുവതിയുടെ നിലപാട് ശക്തമാണെന്നാണ് പോലിസ് നിഗമനം. ബിനോയ് ഇത് നിഷേധിക്കുന്ന സാഹചര്യത്തില്‍ ഡിഎന്‍എ ടെസ്റ്റ് അനിവാര്യമാണെന്നാണ് മുംബൈ പോലിസ് കരുതുന്നത്.
ബിനോയിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും യുവതിയുടെ രഹസ്യമൊഴി വൈകാതെ രേഖപ്പെടുത്തുമെന്നും പൊലീസ് വക്താവ് മഞ്ജുനാഥ് സിന്‍ഗെ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ തെളിവുകള്‍ യുവതിയുടെ കുടുംബം ഇന്നു കോടതിക്കു കൈമാറുമെന്നും സൂചനയുണ്ട്.എമിഗ്രേഷന്‍ വിഭാഗം തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരിക്കെ, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിന്‍ഡോഷി സെഷന്‍സ് കോടതി ഇന്നു നല്കുന്ന വിധി നിര്‍ണായകം. ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് വൈകില്ലെന്നു മുംബൈ പൊലീസ് പറയുന്നു.
ബിനോയിക്കായി കേരളത്തില്‍ നടത്തിയ തിരച്ചില്‍ വിഫലമായതോടെയാണു തിരച്ചില്‍ നോട്ടിസ് ഇറക്കിയത്. അന്വേഷണവുമായി കേരള പൊലീസ് സഹകരിച്ചെന്നു വക്താവ് അറിയിച്ചു.
അതിനിടെ, ബിനോയിയുടെയും മകന്റെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തി പരാമര്‍ശങ്ങളോടെ പ്രചരിപ്പിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. ചെയര്മാന് പി.സുരേഷ് ഡിജിപിയോടു റിപ്പോര്‍ട്ട് തേടി. തന്റെ കുടുംബം കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായി ബിനോയിയുടെ ഭാര്യ ഡോ.അഖില പരാതി നല്‍കിയിരുന്നു.
Discussion about this post