തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ അതിക്രമവുമായി ബന്ധപ്പെട്ട് പിടിയിലായ ശിവരഞ്ജിത്തിന്റെ അറസ്റ്റോടെ വെളിപ്പെടുന്നത് കോപ്പിയടിയുടെയും പരീക്ഷ ക്രമക്കേടിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ.
അറസ്റ്റിലായ ശിവരഞ്ജിത്തിനെയും നസീമിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ശിവരഞ്ജിത്തിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിൽ സര്‍വ്വകലാശാല മുദ്രയുള്ള ഉത്തരക്കടലാസുകൾ പിടിച്ചെടുത്തത് വൻ വിവാദമായിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ ഓഫീസ് മുറി വൃത്തിയാക്കിയപ്പോൾ കിട്ടിയ ഉത്തരക്കടലാസുകളാണ് വീട്ടിൽ കൊണ്ടുപോയതെന്നാണ് ശിവരഞ്ജിത്ത് പറയുന്നത്. എന്നാൽ പൊലീസ് ഇത് മുഖവിലയ്ക്കെടുക്കുന്നില്ല.
കോപ്പിയടി ലക്ഷ്യമിട്ടാണ് ഉത്തരക്കടലാസുകൾ വീട്ടിലേക്ക് കടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ് . പരീക്ഷ ചോദ്യപേപ്പർ പുറത്തേക്ക് കൊടുക്കും. ഈ ചോദ്യപേപ്പറിന്റെ ഫോട്ടോ മൊബൈലിലെടുത്ത ശേഷം ഉത്തരങ്ങൾ യൂണിയൻ ഓഫീസിൽ വച്ച് എഴുതി നൽകുമായിരുന്നുവെന്നാണ് നിഗമനം.
അതിനിടെ പി എസ് സി നടത്തിയ സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ ഇയാൾ ഒന്നാമതെത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങളും തുടരുകയാണ്. ആർച്ചറിയിൽ സർവ്വകലാശാല പ്രതിനിധിയായി ദേശീയ തലത്തിൽ മത്സരിച്ചതിന് ഇയാൾക്ക് വെയിറ്റേജ് മാർക്ക് ലഭിച്ചിരുന്നു. ഈ വെയിറ്റേജ് മാർക്ക് കൂട്ടിച്ചേർത്തപ്പോളാണ് ഇയാൾക്ക് ഒന്നാം റാങ്ക് ലഭിച്ചത്. ഫിസിക്കൽ എജ്യൂക്കേഷൻ വകുപ്പിന്റെ സീൽ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്ത സാഹചര്യത്തിൽ ദേശീയ തലത്തിലെ ഇയാളുടെ പ്രാതിനിധ്യവും അത് വഴി ലഭിച്ച വെയിറ്റേജ് മാർക്കും ചോദ്യം ചെയ്യപ്പെടുകയാണ്. കുത്ത് കൊണ്ട അഖിലും പവർ ലിഫ്ടിംഗ് താരമാണ്.
സര്‍വ്വകലാശാലയുടെ പരീക്ഷാ നടത്തിപ്പിന്റെയും പിഎസ്സിയുടെ പ്രവര്‍ത്തനത്തിന്റെയും വിശ്വാസ്യത വരെ ചോദ്യം ചെയ്ത സംഭവത്തിൽ രാപ്പകൽ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷകൾ എഴുതി തൊഴിൽ കാത്തിരിക്കുന്ന അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുടെ സ്വപ്നങ്ങൾക്ക് മേലാണ് കരിനിഴൽ വീഴുന്നത്.
Discussion about this post