ഡൽഹി: സമാജ് വാദി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മുതിർന്ന നേതാക്കളായ സഞ്ജയ് സേത്തും സുരേന്ദ്ര നഗറും ബിജെപിയിൽ ചേർന്നു. ഇരുവരും രാജ്യസഭാംഗത്വം രാജിവെച്ചാണ് ബിജെപിയിൽ ചേർന്നിരിക്കുന്നത്.
മുതിർന്ന ബിജെപി നേതാവ് ഭൂപേന്ദ്ര യാദവിന്റെ സാന്നിദ്ധ്യത്തിലാണ് ഇരുവരും ബിജെപി അംഗത്വം സ്വീകരിച്ചത്. ഈ മാസം രണ്ടാം തീയതിയായിരുന്നു സേത്ത് സമാജ് വാദി പാർട്ടി അംഗത്വം രാജി വെച്ചത്. അഞ്ചാം തീയതിയായിരുന്നു സുരേന്ദ്ര നഗർ പാർട്ടി അംഗത്വവും ഒപ്പം രാജ്യസഭാംഗത്വവും രാജി വെച്ചത്.
സുരേന്ദ്ര സിംഗ് നഗറിന്റെയും സഞ്ജയ് സേത്തിന്റെയും ഭുവനേശ്വർ കലിതയുടെയും രാജിക്കത്തുകൾ തനിക്ക് ലഭിച്ചതായും താൻ അവ സ്വീകരിച്ചു കഴിഞ്ഞതായും രാജ്യസഭാ അദ്ധ്യക്ഷൻ എം വെങ്കൈയ്യ നായിഡു അറിയിച്ചു.
നേരത്തെ മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന ചന്ദ്രശേഖറിന്റെ മകൻ നീരജ് ശേഖറും സമാജ് വാദി പാർട്ടി വിട്ട് ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.
മൂന്ന് നേതാക്കൾ രാജി വെച്ചതോടെ രാജ്യസഭയിൽ വെറും പത്ത് പേരായി ചുരുങ്ങിയിരിക്കുകയാണ് സമാജ് വാദി പാർട്ടി.
Discussion about this post