ഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി കേന്ദ്രസർക്കാർ മുന്നോട്ട്. ദേശീയ ജനസംഖ്യാ കണക്കെടുപ്പ് നേരത്തേ തീരുമാനിച്ചതാണെന്നും എന്നാൽ ഇതിന് ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. പൗരത്വം നഷ്ടപ്പെടുന്നവർക്കായി കേന്ദ്ര സർക്കാർ തടങ്കൽ പാളയങ്ങൾ ആരംഭിക്കാൻ പോകുകയാണെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
2021 സെൻസസിന്റെ ഭാഗമായാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്. ഇതിന് പ്രത്യേക രേഖകൾ ഹാജരാക്കേണ്ട ആവശ്യമില്ല. ആസാമിൽ നടപ്പിലാകുന്ന പൗരത്വ രജിസ്റ്ററുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആറ് മാസമായി ഒരു പ്രദേശത്ത് തന്നെ താമസിക്കുകയോ അതേ സ്ഥലത്ത് തന്നെ അടുത്ത ആറ് മാസത്തേക്ക് താമസിക്കാൻ തീരുമാനിക്കുകയോ ചെയ്യുന്ന ആൾക്കാർക്ക് ജനസംഖ്യാ രജിസ്റ്റർ പ്രകാരം സ്വാഭാവിക പ്രദേശവാസി എന്ന വിശേഷണം ലഭിക്കും. ഇതിന് തിരിച്ചറിയൽ രേഖകളോ ബയോമെട്രിക് വിവരങ്ങളോ ഒന്നും തന്നെ നൽകേണ്ടതില്ല. സർക്കാരിന് ജനങ്ങളെ വിശ്വാസമാണെന്നും സ്വയം സാക്ഷ്യപ്പെടുത്തൽ മതിയാകുമെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി. 2021 സെൻസസിനായി 8754.23 കോടി രൂപയും ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതിനായി 3941.35 കോടി രൂപയും അനുവദിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായും അദ്ദേഹം അറിയിച്ചു.
അതേസമയം ജനസംഖ്യാ രജിസ്റ്ററിനെതിരെ വ്യാപകമായ പ്രചാരണമാണ് പ്രതിപക്ഷം അഴിച്ചു വിടുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കോൺഗ്രസ്സ് നേതാവ് അജയ് മാക്കൻ, എ ഐ എം എം നേതാവ് ഒവൈസി എന്നിവർ ജനസംഖ്യാ രജിസ്റ്ററിനെതിരെ രംഗത്തെത്തി. എന്നാൽ തീരുമാനത്തിന് മാറ്റമില്ലെന്നും തെറ്റിദ്ധാരണകൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
Discussion about this post