തൃശൂര്‍: ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എ.സി ഹനീഫയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീട്ടില്‍ നിന്ന് പിടികൂടി നാട്ടുകാര്‍ പോലീസില്‍ ഏല്പിച്ചു. കേസിലെ രണ്ടാം പ്രതി പുത്തന്‍കടപ്പുറം സ്വദേശി അന്‍സാറാണ് പിടിയിലായത്. കഴിഞ്ഞ അഞ്ച് ദിവസമായി പോലീസ് ഇയാള്‍ക്കായി തിരിച്ചില്‍ നടത്തുന്നതിനിടെയാണ് വീട്ടില്‍ നിന്ന് തന്നെ നാട്ടുകാര്‍ ഇയാളെ പിടിച്ചത്.
അതേസമയം എ.സി ഹനീഫയുടെ കൊലപാതകത്തെ തുടര്‍ന്ന് പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഐ ഗ്രൂപ്പ് പിന്മാറി. കൊലപാതകത്തിന്റെ പേരില്‍ തങ്ങളെ ബലിയാടാക്കുകയാണെന്ന് ആരോപിച്ചാണ് ഐ ഗ്രൂപ്പ് പാര്‍ട്ടി പരിപാടി ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും മന്ത്രി സി.എന്‍ ബാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബ്റിയയും ഇന്നലെ സി.എന്‍ ബാലകൃഷ്ണനുമായി ചര്‍ച്ചനടത്തിയിരുന്നു. ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിടുകയും പ്രസിഡന്റ് ഗോപപ്രതാപനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ നിന്നും സി.എന്‍ ബാലകൃഷ്ണന് കഴിഞ്ഞ ദിവസം വിട്ടുനിന്നിരുന്നു.ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണ് എ ഗ്രൂപ്പുകാരനായ എ.സി ഹനീഫ കുത്തേറ്റ് മരിച്ചത്. കൊലപാതകത്തിന്റെ പേരില്‍ തങ്ങളെ ഏകപക്ഷീയമായി കുറ്റക്കാരായി ചിത്രീകരിക്കുകയാണെന്നും മന്ത്രി സി.എന്‍ ബാലകൃഷ്ണനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് ഐ ഗ്രൂപ്പ് തൃശൂര്‍ ജില്ലയിലെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.
Discussion about this post