തിരുവനന്തപുരം: വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ദിനത്തിൽ കേരളത്തിലേക്കെത്തുന്നത് 339 പ്രവാസികളുമായി 2 വിമാനങ്ങള്‍. സൗദിയില്‍ നിന്ന് കോഴിക്കോടേക്കും ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കുമാണ് പ്രവാസി മലയാളികളുടെ ഇന്നത്തെ യാത്ര. ആരോഗ്യ പരിശോധനയ്ക്കു ശേഷമായിരിക്കും യാത്രാനുമതി.
റിയാദ് വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.15 നു കോഴിക്കോടേക്ക് പുറപ്പെടും. സൗദിയിലെ ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റിലും റജിസ്റ്റര്‍ ചെയ്ത അറുപതിനായിരം പ്രവാസികളില്‍ നിന്ന് തിരഞ്ഞെടുത്ത 162 പേര്‍ക്കാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. പതിനെണ്ണായിരത്തോളം രൂപയാണ് റിയാദില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക്.
യാത്രക്കാര്‍ രാവിലെ പ്രാദേശികസമയം ഒന്‍പതു മണിയോടെ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. വിമാനത്താവളത്തില്‍ തെര്‍മല്‍ സ്കാനിങ് നടത്തിയ ശേഷമായിരിക്കും വിമാനത്തിനുള്ളിലേക്കു പ്രവേശനം. വിമാനത്തിനുള്ളില്‍ ഭക്ഷണവിതരണമുണ്ടാകില്ലെന്ന് എംബസി അറിയിച്ചു.
ബഹ്റൈന്‍ രാജ്യന്തര വിമാനത്താവളത്തില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനം ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിനാണ് പുറപ്പെടുന്നത്. ബഹ്റൈനില്‍ റജിസ്റ്റര്‍ ചെയ്ത പന്ത്രണ്ടായിരത്തോളം പ്രവാസികളില്‍ നിന്ന് 177 പേരാണ് യാത്രക്കൊരുങ്ങുന്നത്. 16,800 രൂപയോളമാണ് ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കുള്ള നിരക്ക്.
അതേസമയം പ്രവാസികളുടെ ആദ്യ സംഘം വ്യാഴാഴ്ച നാട്ടിലെത്തി.
Discussion about this post