തിരുവനന്തപുരം: വിദേശത്തു നിന്നും പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി കേരളം ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിമാനം അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് മൂന്നാം ഘട്ടത്തിലും കേരളത്തിലേക്ക് നിലവില്‍ സര്‍വ്വീസില്ല. വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ 43 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെയാണ് തിരിച്ചെത്തിക്കുന്നത്.
ആഗോളതലത്തിൽ ഏറ്റവും അധികം കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത യുഎസില്‍ നിന്ന് മൂന്നാം ഘട്ടത്തിലും കേരളത്തിലേക്ക് വിമാനമില്ലാതായതോടെ പ്രതിസന്ധിയിലായത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ആയിരത്തിലേറെ മലയാളികളാണ്. കേരളത്തിലേക്കാകട്ടെ 20 രാജ്യങ്ങളില്‍ നിന്നായി എഴുപത്തിയാറ് സര്‍വ്വീസുകള്‍ മാത്രമാണുള്ളത്. യുഎസില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കായി നാല്‍പ്പത്തിയഞ്ച് സര്‍വ്വീസുകള്‍ ഉണ്ടെന്നിരിക്കെയാണ് ഈ അവഗണനയെന്നാണ് ആരോപണം.
മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സര്‍വ്വീസുകളെ ആശ്രയിക്കുമ്പോള്‍ അവിടുത്തെ ക്വാറന്റീന് നിബന്ധനകള്‍ പാലിക്കണം. പിന്നാലെ കേരളത്തിലെത്തിയാല്‍ വീണ്ടും നിരീക്ഷണത്തില്‍ ഇരിക്കണം. ഇതേറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ടെന്നും കുടുങ്ങിക്കിടക്കുന്നവര്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മലയാളികള്‍ പലരും സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് പരാതിയുയരുന്നുണ്ട്.
Discussion about this post