ശ്രീനഗർ: കശ്മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു. കശ്മീരിലെ കസ്ബ, കെർനി, ഷാപുർ എന്നിവിടങ്ങളിൽ പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ നിറയൊഴിച്ചു. ഇതിന് മറുപടിയായി ഇന്ത്യൻ സേന നടത്തിയ ശക്തമായ തിരിച്ചടിയിൽ രണ്ട് പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു. ബിജ്പഹാരയിൽ സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം നടത്തിയ ഷഹീദ് ദാസ് എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പൊലീസ് വ്യക്തമാക്കി.
മൽബാഗിൽ നടന്ന ഏറ്റുമുട്ടലിലാണ് സി ആർ പി എഫ് ജവാൻ വീരമൃത്യു വരിച്ചത്. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ മാസം ജമ്മു കശ്മീരിൽ നടന്ന വ്യത്യസ്തങ്ങളായ ഏറ്റുമുട്ടലുകളിൽ 48 ഭീകരരെ സൈന്യം വധിച്ചിരുന്നു.









