ഡല്‍ഹി: ‘പി.എം കെയേഴ്സ് ഫണ്ടി’ല്‍ നിന്നും പണം ചിലവാക്കി വെന്റിലേറ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 2000 കോടി രൂപ മുടക്കി 50,000ത്തില്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ വാങ്ങാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും ഐ.സി.എം.ആര് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്ഗ്ഗവയുമാണ് ഇക്കാര്യം മാദ്ധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഇത് സംബന്ധിച്ച് 30,000 വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍, കേന്ദ്രം ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്(ബി.ഇ.എല്‍) നല്‍കിയിട്ടുണ്ട്.
ഇന്ത്യയുടെ കൊറോണ പോരാട്ടം ശക്തമാക്കുന്നതിനായി രൂപീകരിച്ചതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള ‘പി.എം കെയേഴ്സ് ഫണ്ട്’.
സ്കാനിംഗ് യന്ത്രങ്ങള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ‘സ്കാന്റേ’ എന്ന കമ്പനിയാണ് ഇതിനായി ബി.ഇ.എല്ലിനെ സഹായിക്കുക. 13,500 വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുക ആന്ധ്രാ പ്രദേശിലുള്ള മെഡ്ടെക്ക് സോണാണ്. 10,000 വെന്റിലേറ്ററുകള്‍ എ.ജി.വി.എ ഹെല്‍ത്ത്കെയറും നിര്‍മിച്ച് നല്‍കും.
രാജ്യത്താകെ ചികിത്സയിലിരിക്കുന്ന 0.27 ശതമാനം കൊറോണ രോഗികളും വെന്റിലേറ്ററിന്റെ സഹായം ഉപയോഗിക്കുന്നുണ്ടെന്നും 18,000 വെന്റിലേറ്ററുകള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്നും രാജേഷ് ഭൂഷണ് അറിയിച്ചു.
Discussion about this post