തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവാദമായ ലൈഫ് മിഷന് പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മാണത്തിലെ റെഡ് ക്രസന്റ് സഹായവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് വിവരങ്ങള്‍ ആവശ്യപ്പെട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് സംസ്ഥാനത്തോട് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ കൈമാറും.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റില്‍നിന്ന് സഹായം സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യപ്പെട്ട വിരങ്ങള്‍ ഉടന്‍തന്നെ കേന്ദ്രത്തിന് കൈമാറുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള കരാറുകളുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങളാണ് നടന്നത്, നടപടിക്രമങ്ങള്‍ പാലിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ ഒരു അനൗദ്യോഗിക പരിശോധനയും സംസ്ഥാനസര്‍ക്കാര്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മാണത്തിന് കരാറേറ്റെടുത്ത യൂണിടാക്കുമായി സര്‍ക്കാരിനോ ലൈഫ് മിഷനോ ഒരു ബന്ധവുമില്ലെന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന, ലൈഫ് മിഷന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറിക്കയച്ച കത്ത് നേരത്തെ പുറത്തുവന്നിരുന്നു. സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തിയ ശേഷമാണ് ഫ്ളാറ്റ് നിര്‍മാണത്തിന്റെ കരാര്‍ യൂണിടാക്കിനു നല്‍കിയതെന്നാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നത്.
Discussion about this post