ബംഗളൂരു ലഹരി മരുന്ന് ഇടപാട് കേസിലെ പ്രതി മുഹമ്മദ് അനൂപുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആരോപണം ഉന്നയിച്ചിതിന് പിന്നാലെ സി പി എമ്മിനെയും ബിനീഷ് കോടിയേരിയേയും പരിഹസിച്ച് പിഎസ് സി മുൻ ചെയർമാൻ ഡോ കെ എസ് രാധാകൃഷ്ണന് രംഗത്ത്. സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നാണ് കേരള മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി അങ്ങനെ പറഞ്ഞപ്പോള്‍ അതില്‍ കൊടിയേരി സഖാവിന്റെ മക്കള്‍ ഉണ്ടായിരിക്കുമെന്ന് വിചാരിച്ചില്ലെന്ന് കെ എസ് രാധാകൃഷ്ണന് ഫേസ്ബുക്ക് പോസ്റ്റിൻ പറയുന്നു.
ഡോ കെ എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഉപ്പു തിന്നവർ കൊടിയേരിയിൽ ഒതുങ്ങുമോ?
ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് പിണറായി സഖാവ് പറഞ്ഞപ്പോൾ അങ്ങനെ ഉപ്പുതിന്നവരുടെ കൂട്ടത്തിൽ കൊടിയേരി സഖാവിന്റെ മക്കൾ ഉണ്ടായിരിക്കുമെന്ന് സ്വപ്നേപി വിചാരിച്ചില്ല. മകൻ കൊടിയേരി സഖാവിന്റെ ആത്മ മിത്രമാണ് മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട അനൂപ് മുഹമ്മദ്. അനൂപ് മുഹമ്മദിന്റെ മൊഴിയിലാണ് കൊടിയേരി സഖാവിന്റെ മകൻ ബിനീഷ് കൊടിയേരിയുടെ പേരുള്ളത്.
അനൂപ് തന്റെ ആത്മമിത്രമാണെന്നും അദ്ദേഹത്തിന് കച്ചവടം നടത്താനായി സാമ്പത്തിക സഹായം നൽകിയെന്നും സത്യസന്ധതയ്ക്ക് പുകൾപെറ്റ ബിനീഷ് കൊടിയേരി സമ്മതിച്ചു. പക്ഷെ, പണം നൽകിയത് കട്ടൻ കാപ്പിയും, പരിപ്പുടയും വിൽക്കാനുള്ള ഹോട്ടൽ തുടങ്ങാനായിരുന്നു എന്നും ആ ചായക്കടയിൽ മയക്കുമരുന്ന് കച്ചവടമുണ്ടായിരുന്ന കാര്യം അറിയില്ലായിരുന്നു എന്നുമാണ് ജൂനിയർ കൊടിയേരി സഖാവ് പറയുന്നത്. അത് നമ്മൾ വിശ്വസിക്കണം. പാർട്ടി തീരുമാനമാണ്.
പറയുന്നത് പാർട്ടി സെക്രട്ടറിയുടെ മകനായതുകൊണ്ട്, പാർട്ടിക്കാർക്കും അവരുടെ ശിങ്കിടി പാട്ടുകാർക്കും അത് അപ്പാടെ വിശ്വസിക്കാനുള്ള ബാധ്യതയുണ്ട്. എന്നാൽ നാട്ടുകാർക്ക് ആ ബാധ്യതയില്ല എന്ന കാര്യം സഖാക്കൾ മറക്കരുത്. മയക്കുമരുന്ന് ഉപഭോക്താക്കളെ സിനിമാക്കാർക്ക് ഇടയിൽ നിന്നും കണ്ടെത്താനായി ബ്രോക്കറായി പ്രവർത്തിച്ചതും ജൂനിയർ കൊടിയേരി സഖാവാണെന്നും സംസാരമുണ്ട്.
കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സംവിധായകരും അഭിനേതാക്കളും തിരക്കഥാകൃത്തുകളുമടക്കം പത്തിലേറെ കസ്റ്റമേഴ്സിനെ കണ്ടെത്താൻ മകൻ സഖാവിന് കഴിഞ്ഞു എന്നാണ് ദോഷൈകദൃക്കുകൾ പറയുന്നത്. കൊടിയേരി സഖാവിന്റെ മക്കൾ തങ്കകുടങ്ങളാണ്. അവരെക്കുറിച്ച് ഇല്ലാവചനം പറയുന്നവന്റെ നാക്ക് പുഴുത്തു പോകുമെന്ന് ലോക്കൽ സഖാക്കൾ തലയിൽ കൈവെച്ചാണ് പ്രാകുന്നത്. സഖാക്കളുടെ പ്രാക്കല്ലേ ഫലിക്കാതിരിക്കില്ല.
കൊച്ചി കേന്ദ്രീകരിച്ച് സിനിമാക്കാർ വന്നതോടെയാണ് മയക്കുമരുന്ന് കേന്ദ്രം എന്ന ദുഷ്പേര് കൂടി കൊച്ചിക്ക് കിട്ടിയത്. നാറിയവനെ ചാരിയാൽ ചാരിയവനും നാറും എന്ന് പറയുന്നത് എത്രയോ ശരി.
ഉപ്പുതിന്നവർ കൊടിയേരി സഖാവിൻ്റെ മക്കളിൽ ഒതുങ്ങുമോ? അതോ അതുക്കും മേലെയുള്ളവരിലേക്ക് എത്തുമോ? കാര്യങ്ങളുടെ കിടപ്പുവശം നോക്കുമ്പോൾ ഒരുപാട് പേർക്ക് കുടിക്കാനായി വളരെയധികം വെള്ളം കരുതിവെയ്ക്കുന്നത് നന്നായിരിക്കും. കൊടിയേരി സഖാവിനും മക്കൾക്കും വിപ്ലവാഭിവാദ്യം അർപ്പിക്കാനായി എ എ റഹിം ശ്രമമാരംഭിച്ചു എന്നാണ് കേൾവി.
https://www.facebook.com/drksradhakrishnan/posts/3383985115024409
Discussion about this post