ന്യൂഡൽഹി : നയതന്ത്ര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കൊവിഡ് വാക്സിൻ ഗവേഷണത്തെപ്പറ്റി വിശദീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇതിനു വേണ്ടിയുള്ള പ്രത്യേക ബോധവൽക്കരണ ക്യാമ്പ് അടുത്തയാഴ്ച നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. നവംബർ ആറാം തീയതി വിദേശകാര്യസെക്രട്ടറി ഹർഷ് ശൃംഖലയാണ് വാക്സിൻ ഗവേഷണരംഗത്തെ പുരോഗതികളെപ്പറ്റി നയതന്ത്ര ഉദ്യോഗസ്ഥർക്ക് ക്ലാസ് നൽകുക.
വിദേശകാര്യ വകുപ്പിന്റെ ഈ പരിശീലന ക്യാമ്പ്, വാക്സിൻ വികസന ചർച്ചകൾക്ക് നയതന്ത്ര ഉദ്യോഗസ്ഥരെ പ്രാപ്തമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. കോവിഡ് വാക്സിൻ ഗവേഷണത്തിലെ പുരോഗതികളും സാങ്കേതിക വശങ്ങളും വിദഗ്ധർ ഇവർക്ക് പറഞ്ഞു കൊടുക്കും. കോവിഡ് വാക്സിന്റെ വികസനം, നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട് വിദേശ കമ്പനികളും സർക്കാരുകളുമായുമുള്ള ചർച്ചകൾക്ക് നയതന്ത്രജ്ഞരെ പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ വിദേശകാര്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. നീതി ആയോഗ് അംഗം വി.കെ പോൾ, കേന്ദ്ര ഹെൽത്ത് സെക്രട്ടറി രാജേഷ് ഭൂഷൺ തുടങ്ങിയ പ്രമുഖരും ക്യാമ്പിൽ പങ്കെടുക്കും.
വിവിധ രാജ്യങ്ങളും കമ്പനികളുമായി സഹകരിച്ച് അഞ്ചോളം കോവിഡ് വാക്സിൻ ഗവേഷണ പദ്ധതികളാണ് നരേന്ദ്രമോദി സർക്കാർ മുന്നോട്ടു കൊണ്ടു പോകുന്നത്. ഇവയ്ക്ക് അന്താരാഷ്ട്ര മേഖലയിൽ പ്രചാരം നൽകുകയെന്ന ലക്ഷ്യവും ഈ പരിശീലന പദ്ധതിക്ക് പിറകിലുണ്ട്.
Discussion about this post