ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും കേരളത്തിൽ കാർഷിക നിയമം നടപ്പിലാക്കില്ലെന്ന് പറയുന്നത് കയ്യടിക്കു വേണ്ടിയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. മാത്രമല്ല, തീവ്ര ഇടതുപക്ഷവും ഖാലിസ്ഥാനികളും കർഷക സമരത്തിൽ നിന്നും നേട്ടമുണ്ടാക്കുന്നുവെന്ന് ജാവദേക്കർ മാധ്യമങ്ങളോട് പറഞ്ഞു.
നിയമം പിൻവലിക്കില്ലെന്ന് എന്തുകൊണ്ടാണ് സർക്കാർ പിടിവാശി കാണിക്കുന്നതെന്ന് ചോദിച്ചപ്പോൾ സർക്കാരിനു പിടിവാശിയില്ലെന്നും നിയമത്തിന്റെ ഓരോ ക്ലോസും ചർച്ച ചെയ്യാമെന്ന് നേരത്തെ തന്നെ സർക്കാർ അറിയിച്ചിരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. “നിയമം പിൻവലിക്കലല്ല വഴി. ദശ ലക്ഷക്കണക്കിന് കർഷകർക്ക് ഈ നിയമം വേണം. എപിഎംസിക്ക് പുറത്ത് അവർ ഉൽപ്പന്നങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്നു”- അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ എപിഎംസികളില്ലെന്ന കാര്യം മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, മിനിമം താങ്ങുവിലയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ പഞ്ചാബാണെന്നും എന്നാൽ കോൺഗ്രസ്സും ശിരോമണി അകാലിദളും ആം ആദ്മി പാർട്ടിയും കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജാവദേക്കർ അഭിപ്രായപ്പെട്ടു.
Discussion about this post