ബംഗളൂരു: ചെന്നൈ-ബംഗളൂരു-മൈസൂരു ബുള്ളറ്റ് ട്രെയിന്‍ പാത നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ വൈകാതെ ആരംഭിക്കും. 92,400 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന പാതയുടെ സര്‍വേക്കായി ദേശീയ ഹൈസ്പീഡ് റെയില്‍ കോര്പറേഷന് ടെണ്ടറുകള്‍ ക്ഷണിച്ചിരുന്നു.ജനുവരി 12 ആണ് ഇ-ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഏപ്രിലോടെ സര്‍വേ നടപടികള്‍ ആരംഭിക്കാനാണ് തീരുമാനം. പാതക്കായി ഒരുക്കേണ്ടി വരുന്ന ഭൂതല-ഭൂഗര്‍ഭ സംവിധാനങ്ങള്‍, ഊര്‍ജ സംവിധാനങ്ങള്‍ തുടങ്ങിയവയെ കുറിച്ച് സര്‍വേയിലൂടെ വിവരം ശേഖരിക്കും.
ബുള്ളറ്റ് ട്രെയിനിന്റെ റൈഡര്‍ഷിപ് സംബന്ധിച്ച് മറ്റൊരു സര്‍വേയും നടത്തും.അതേസമയം, ചെന്നൈ-മൈസൂരു റൂട്ടില്‍ ബുള്ളറ്റ് പാത അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റുകളും രംഗത്തെത്തി. മൂന്നു നഗരങ്ങളെയും ബന്ധിപ്പിച്ച് ഹൈസ്പീഡ് റെയില്‍ കോറിഡോറിനായി മുമ്പ് നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും പ്രാഥമിക പഠനത്തിന് ശേഷം അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ലെന്ന് റെയില്‍ ആക്ടിവിസ്റ്റ് സഞ്ജീവ് ദയാമണ്ണാവര് പറഞ്ഞു.രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ അഹമ്മദാബാദ്-മുംബൈ പാതയുടെ സ്ഥലമേറ്റെടുപ്പ് കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു.
2024ഒാടെ ഈ പാത യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ബുള്ളറ്റ് പാതക്കായി ഭൂമി ഏറ്റെടുക്കലിനെതിരെ സമാന പ്രതിഷേധം കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും കര്‍ഷകരുടെ ഭാഗത്തുനിന്നും ഉയരാനുള്ള സാധ്യതയും ഏറെയാണ്.നഗരഹൃദയഭാഗങ്ങള് ഒഴിവാക്കിയാകും പാത കടന്നുപോവുക. 435 കിലോമീറ്റര്‍ ൈദര്‍ഘ്യമുള്ള പാതക്കായി ചെന്നൈ, പൂനമല്ലി, ആരക്കോണം, ചിറ്റൂര്‍, ബംഗാള്പേട്ട്, ബംഗളൂരു, ചന്നപട്ടണ, മാണ്ഡ്യ, മൈസൂരു എന്നീ ഒമ്പത് സ്റ്റേഷനുകളാണ് കണ്ടെത്തിയിട്ടുള്ളത്.
നഗരപ്രാന്ത പ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍നിന്ന് നഗരപരിധിയിലേക്ക് കണക്ഷനുമായി മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് ഹബ്ബുകളും ബുള്ളറ്റ് പാതക്കൊപ്പം വിഭാവനം ചെയ്യുന്നുണ്ട്. മൈസൂരു, ബംഗളൂരു സിറ്റി, കന്റോൺമെന്റ്, കാട്പാടി, ചെന്നൈ സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ മാത്രം സ്റ്റോപ്പുള്ള മൈസൂരു-ബംഗളൂരു-ചെന്നൈ ശതാബ്ദി ട്രെയിന്‍ ചെന്നൈയിലെത്താന്‍ ഏഴുമണിക്കൂറെടുക്കുന്നുണ്ട്. എന്നാൽ 750 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന ബുള്ളറ്റ് ട്രെയിനിന് മണിക്കൂറില്‍ 350 കിലോമീറ്ററാണ് പരമാവധി വേഗം. പാത യാഥാര്‍ഥ്യമായാല്‍ രണ്ടര മണിക്കൂര്‍കൊണ്ട് മൈസൂരുവില്‍നിന്ന് ചെന്നൈയിലെത്താനാവുമെന്നാണ് കണക്കുകൂട്ടല്‍.
Discussion about this post