തിരുവനന്തപുരം: മതേതരത്വം എന്നത് കള്ള നാണയമാണെന്ന് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ മതേതരത്വമില്ലെന്നും കോൺഗ്രസിന്റെ പരാജയത്തിന് കാരണം ഈഴവ സമുദായത്തോട് കാണിച്ച തെറ്റായ സമീപനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മതേതരത്വം പറയുന്ന കോൺഗ്രസോ ലീഗോ ഇവിടെ ഈഴവനെയോ പിന്നോക്കക്കാരെയോ ജയിക്കുന്ന ഒരു സീറ്റിൽ നിർത്തുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
“ഈഴവ സമുദായത്തോടും നേതാക്കന്മാരോടും എന്ത് ചെയ്താലും ആർക്കും ഒന്നും തോന്നില്ലാ എന്ന ഒരു അഹങ്കാരം കോൺഗ്രസിനുണ്ടായിരുന്നു. എൻ.എസ്.എസും മുസ്ലിം ലീഗും കേരള കോൺഗ്രസും ചേർന്ന് ഉണ്ടായ ഒരു ഭരണമായി യു.ഡി.എഫ് മാറി എന്നൊരു വികാരം സമുദായത്തിനകത്ത് ഉണ്ടായി. ആ വികാരമാണ് യു.ഡി.എഫിനെ അഞ്ചു കൊല്ലം ഭരണത്തിൽ നിന്ന് മാറ്റി നിർത്തിയത്. മതേതരത്വമാണല്ലോ എല്ലാവരും പ്രസംഗിക്കുന്നത്. ഈ മതേതരത്വം പറയുന്ന മുസ്ലിം ലീഗ്, മതേതരത്വം പറയുന്ന കേരള കോൺഗ്രസ്, ഇവരിലാരെങ്കിലും ഈഴവനെയോ പിന്നാക്കക്കാരനെയോ ജയിക്കുന്ന സീറ്റിൽ നിർത്തി മത്സരിപ്പിക്കാൻ തയ്യാറായിട്ടുണ്ടോ? ഇവിടെ ഒരു മതേതരത്വവുമില്ല. മതേതരത്വം എന്നത് കള്ള നാണയമാണ്,” വെള്ളാപ്പള്ളി പറഞ്ഞു.
ഈഴവരെ ഒഴിവാക്കിക്കൊണ്ട് ഒരു രാഷ്ട്രീയ കക്ഷിക്കും മുന്നോട്ട് പോകാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു സമുദായ നേതാവിന്റെയും വീട്ടിൽ പോകരുതെന്ന് പറഞ്ഞ സുധീരനും, ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റുൾപ്പെടെയുള്ള നേതാക്കളും ഇപ്പോൾ സമുദായ നേതാക്കന്മാരുടെയും മതനേതാക്കന്മാരുടെയും ആസ്ഥാനത്ത് കയറി ഇറങ്ങുന്ന അവസ്ഥയുണ്ട്. അവരെടുത്ത പഴയ തീരുമാനങ്ങൾ തെറ്റിപ്പോയി എന്ന് അവർക്ക് തന്നെ തോന്നി. ആ ബോധത്തിന്റെ പുറത്തായിരിക്കണം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ എന്നെ കാണാൻ വന്നു. എനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം അവരോട് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് കേരളത്തിൽ ഒറ്റ ഈഴവ എം.എൽ.എ പോലും ഇല്ലാത്ത സ്ഥിതിയുണ്ടായി. കോൺഗ്രസ് ആരുടെ കോൺഗ്രസ് ആയി മാറിയെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post