ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് സുരക്ഷിതവും പ്രതിരോധശേഷി നല്‍കുന്നതും ഗുരുതര പ്രത്യാഘാതമില്ലാത്തതുമാണെന്ന് തെളിഞ്ഞതായി രണ്ടാംഘട്ട പരീക്ഷണ ഫല റിപ്പോര്‍ട്ട്. മെഡിക്കല്‍ പ്രസിദ്ധീകരണമായ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായകമായ ഈ വിവരമുളളത്. അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗത്തിനായി ജനുവരി മാസത്തിലാണ് കൊവാക്സിന് രാജ്യത്ത് അനുമതി നല്‍കിയത്.
രണ്ടാംഘട്ട പരീക്ഷണ ഫലങ്ങളെ വിലയിരുത്തി വാക്സിന്റെ ഫലപ്രാപ്തി മനസ്സിലാക്കാനാകില്ലെന്നും എന്നാല്‍ വാക്സിന് സുരക്ഷിതവും പ്രതിരോധശേഷി നല്‍കുന്നതുമാണെന്ന് ലാന്‍സെറ്റ് അറിയിച്ചു. കൊവാക്സിന്റെ രണ്ടാംഘട്ട പരീക്ഷണ റിപ്പോര്‍ട്ട് വളരെ നല്ല വാര്‍ത്തയാണെന്ന് അമേരിക്കയിലെ വിവിധ സര്‍വകലാശാല സാംക്രമിക രോഗ പഠന വിഭാഗ മേധാവികള്‍ പ്രതികരിച്ചു. കൊവാക്സിന്റെ ഒന്നാംഘട്ട പരീക്ഷണ ഫലങ്ങളെക്കാള്‍ മികച്ചതാണ് രണ്ടാംഘട്ട പരീക്ഷണ ഫലങ്ങളെന്ന് ലാന്‍സെറ്റ് അധികൃതര്‍ പറയുന്നു.
12 മുതല്‍ 18 വയസുവരെയുളളവരിലും 55 നും 65നുമിടയില്‍ പ്രായമുളളവരിലുമാണ് പഠനം നടത്തിയത്. കുട്ടികളിലും 65 വയസിന് മുകളിലുളള പ്രായമായവരിലും വാക്സിന് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടിവരുമെന്നും ലാന്‍സെറ്റ് അധികൃതര്‍ അറിയിച്ചു.
മാര്‍ച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊവാക്സിന് സ്വീകരിച്ച് ജനങ്ങളില്‍ കൊവാക്സിനെ കുറിച്ചുളള ആശങ്കകള്‍ അകറ്റാന്‍ മുന്നോട്ട് വന്നിരുന്നു. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങളുടെ ഇടക്കാല ഫലം പുറത്തുവന്നപ്പോള്‍ 81 ശതമാനം ഫലപ്രദമാണെന്നാണ് വാക്സിന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് പറയുന്നത്. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുളളു.
Discussion about this post