തിരുവനന്തപുരം: ബന്ധു നിയമനക്കേസില്‍ ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെ മന്ത്രി കെടി ജലീല്‍ രാജിവെച്ചു. അല്പസമയം മുമ്പാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്.
കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിയമിച്ചത് സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണെന്ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ജലീലിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കംചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ലോകായുക്ത മുഖ്യമന്ത്രിയോടു നിർദേശിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഉത്തരവും മറ്റു രേഖകളും പ്രത്യേക ദൂതൻവഴി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിച്ചിട്ടുമുണ്ട്.
മന്ത്രി കെ.ടി. ജലീൽ രാജിവെക്കണോ എന്ന കാര്യത്തിൽ ഹൈക്കോടതിയുടെ നിലപാടുകൂടി നോക്കിയായിരിക്കും അന്തിമതീരുമാനമെന്നായിരുന്നു സി.പി.എമ്മിന്റെ പ്രതികരണം. ലോകായുക്തവിധി ഹൈക്കോടതി സ്റ്റേ ചെയ്യുകയോ പുനഃപരിശോധനയ്ക്കായി തിരിച്ചയക്കുകയോ ചെയ്താൽ ജലീലിന്റെ രാജിയുണ്ടാകില്ല, സ്റ്റേയ്ക്ക് ഹൈക്കോടതി വിസമ്മതിച്ചാൽ രാജി അനിവാര്യമാകുമെന്നായിരുന്നു പാർട്ടി നിഗമനം. ഇതിനിടയിലാണ് ജലീൽ മന്ത്രിസ്ഥാനം രാജിവച്ചത്
Discussion about this post