കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ വൈകീട്ട് നാല് മണി വരെ സംസ്ഥാനത്ത് 65.70 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
പശ്ചിമബംഗാളിൽ ആറു ജില്ലകളിലെ 45 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കമാർഹാട്ടിയിൽ ബിജെപി പോളിംഗ് ഏജൻറ് കുഴഞ്ഞു വീണു മരിച്ചു. സമയത്തിന് ചികിത്സ ഉറപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. നദിയയിലും ജയ്പായിഗുഡിയിലും ബിജെപി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. കേന്ദ്രസേന പാർട്ടി അനുഭാവികളെ വോട്ടു ചെയ്യാൻ അനുവദിക്കാതെ തിരിച്ചയക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം രാവിലെ പത്തു മുതൽ വൈകിട്ട് ഏഴു വരെ മതിയെന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഇനി മൂന്നു ഘട്ട വോട്ടെടുപ്പും 9 ദിവസത്തെ പ്രചാരണവുമാണ് സംസ്ഥാനത്ത് ബാക്കിയുള്ളത്
Discussion about this post