തിരുവനന്തപുരം: ഇറാന് ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിനായി പല വാതിലുകൾ മുട്ടിയ അമ്മ ഷെര്‍ലിക്ക് ഇനി സന്തോഷിക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിൽ മകൻ മോചിതനാവുകയാണ്. തൃശൂര്‍ മാമ്പ്ര പാറപറമ്പില്‍ വീട്ടില്‍ ദീപക് രവിയും (27) നാല് ഇന്ത്യക്കാരുമാണ് ഇറാന് ജയിലില്‍ നിന്ന് പത്തു ദിവസത്തിനകം മോചിതരാകുന്നത്.
മകന്റെ മോചനത്തിനായി അമ്മ ഷേർലി മുട്ടാത്ത വാതിലുകളില്ല, അതിനായി ശ്രമിക്കാത്ത ദിവസങ്ങളില്ല. ഒടുവില്‍ സഹായിക്കാനെത്തിയത് യാതൊരു മുന്‍ പരിചയമില്ലാത്ത കൊല്ലം പരവൂര്‍ സ്വദേശിയും റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായ രാജീ വാമദേവനാണ്. ഇവരുടെ മോചനത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നിവേദനം അയച്ചത് ഉള്‍പ്പെടെ ഇടപെടല്‍ നടത്തിയത് രാജീ വാമദേവനാണ്.
മീന്‍ കച്ചവടക്കാരനായ രവിയുടേയും ഷെര്‍ലിയുടേയും മകനായ ദീപക് ജയ്പൂരില്‍ മര്‍ച്ചന്റ് നേവി കോഴ്സ് കഴിഞ്ഞ് ഏജന്റ് വഴി രണ്ടരലക്ഷം രൂപ നല്‍കിയാണ് ദുബായിലെത്തിയത്. അവിടെ നിന്നാണ് എം.ടി മനമന്‍ 8 എന്ന എണ്ണ കപ്പലില്‍ ജോലിക്ക് കയറിയത്. ഷിപ്പിംഗ് കമ്പനിയിലെ ജോലിക്ക് താത്പര്യമില്ലായിരുന്നെങ്കിലും വീട്ടിലെ അവസ്ഥയോര്‍ത്താണ് അതിന് തയാറായത്. വായ്പയെടുത്തും സ്വര്‍ണം വിറ്റുമൊക്കെയാണ് ദുബായിലേക്ക് പോകാന്‍ തുക കണ്ടെത്തിയത്.
കഴിഞ്ഞ മാര്‍ച്ച് 17-നാണ് മകന്റെ ഓണ്‍ലൈന്‍ സന്ദേശം അവസാനമായി ലഭിച്ചതെന്ന് ഷെര്‍ലി പറയുന്നു. അടുത്ത ദിവസം ദീപക്കിനെയും ധീരേന്ദ്രു, വെങ്കിട് രമണന്, ശിവ അലു, മോഹിത് എന്നിവരേയും അനധികൃതമായി എണ്ണ കടത്തിയെന്നാരോപിച്ച് ഇറാന് കോസ്റ്റ് ഗാര്‍ഡ് അറസ്റ്റു ചെയ്തു. ജയിലില്‍ ഒപ്പമുള്ള ഒരാളുടെ അച്ഛന് ഷെര്ലിയെ വിളിച്ചാണ് ദീപക് ജയിലാണെന്ന വിവരം അറിയിച്ചത്.
നിരാലംബരായ നിരവധി ആളുകളുടെ പ്രശ്നം പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് രാജീ വാമദേവനാണ്. കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാജീ വാമദേവന് പ്രധാനമന്ത്രിക്ക് കത്തയച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന് മലയാളിയായ സുധാകരന് ജയിലിലെത്തി ദീപക്കിനേയും മറ്റുള്ളവരേയും സന്ദര്‍ശിച്ച് അവര്‍ക്കുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കി. രണ്ടു തവണ ഇവരെ മോചിപ്പിക്കാന്‍ ജയില്‍ അധികൃതര്‍ തയാറായെങ്കിലും കപ്പല്‍ അധികൃതര്‍ ജയിലിലെത്താത്തതിനാല്‍ നിയമനടപടികള്‍ പൂര്‍ത്തിയായില്ല. തുടര്‍ന്ന് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെയിലേഴ്സ് സൊസൈറ്റിയുടെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഡവലപ്മെന്റ് മാനേജര്‍ ക്യാപ്റ്റന്‍ വി. മനോജ് ജോയും ഇടപെട്ടതോടെ കാര്യങ്ങള്‍ വേഗത്തിലാവുകയായിരുന്നു.
Discussion about this post