കാസര്‍കോട് : കര്‍മംതൊടിയില്‍ സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് പരുക്കേറ്റയാൾ മരിച്ചു. കാവുങ്കല്‍ സ്വദേശി കുഞ്ഞമ്പു നായർ (60) ആണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ മുള്ളേരിയ ടൗണിൽനിന്ന് വീട്ടിലേക്കു മടങ്ങവെയാണ് സംഭവം.
രാവിലെ കാവുങ്കൽ ഉള്ള വീട്ടിൽനിന്ന് മുള്ളേരിയ പട്ടണത്തിൽ പോയി മടങ്ങി വരുന്നതിനിടെയാണ് കാട്ടുപന്നി കൂട്ടം റോഡ് മുറിച്ചു കടക്കുന്നതിനിടെ പെട്ടുപോയത്. സ്കൂട്ടറിനു നേരെ പാഞ്ഞടുത്ത ഒരു കാട്ടുപന്നി ഇടിക്കുകയും സ്കൂട്ടർ നിയന്ത്രണം വിട്ടു മറിയുകയുമായിരുന്നു. ഇതേ തുടർന്ന് കുഞ്ഞമ്പുനായർ തലയിടിച്ച് റോഡിൽ വീഴുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും, വീഴ്ചയുടെ ആഘാതത്തിൽ അത് തെറിച്ചു പോയിരുന്നു. മുപ്പതോളം വരുന്ന കാട്ടുപന്നികൾ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അതുവഴി വന്ന കുഞ്ഞമ്പുനായരുടെ സ്കൂട്ടറിൽ ഇടിച്ചത്.
വീണ് പരിക്കേറ്റ കുഞ്ഞമ്പുനായരെ ഉടൻ തന്നെ മുള്ളേരിയയിലുള്ള ഇ കെ നായനാർ സഹകരണ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ, മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിൽ കൂടുതൽ വഷളായതോടെ ഇന്ന് ഉച്ചയ്ക്കു ശേഷം മരണം സംഭവിക്കുകയായിരുന്നു.
കുഞ്ഞമ്പു നായരുടെ സ്കൂട്ടറിൽ ഇടിച്ച കാട്ടുപന്നി സംഭവസ്ഥലത്തുവെച്ച് തന്നെ ചത്തു. ഇതിനെ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മറവ് ചെയ്തു. ഈ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
Discussion about this post