ചെന്നൈ: വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ കടലൂര്‍ ചിദംബരത്തെ നന്തനാര്‍ സര്‍ക്കാര്‍ സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകന്‍ സുബ്രഹ്മണ്യൻ വിദ്യാര്‍ത്ഥിയെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
ക്ളാസില്‍ കൃത്യമായി എത്തുന്നില്ലെന്ന പേരില്‍ ആറ് വിദ്യാര്‍ഥികളെ ഇയാള്‍ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടിയെ വടി ഉപയോഗിച്ച് തല്ലുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നുണ്ട്. കൂടാതെ മുട്ടുകാലില്‍ നിര്‍ത്തി മര്‍ദിക്കുകയും ചെയ്തു. ക്ളാസിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഇത് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ അദ്ധ്യാപകനെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് കടലൂര്‍ ജില്ലാ കളക്ടര്‍ പ്രാഥമിക അന്വേഷണം നടത്തി അറസ്റ്റ് രേഖപ്പെടുത്തി . ജാമ്യമില്ലാത്ത അഞ്ചു വകുപ്പുകളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയത്.
Discussion about this post