പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. നയതന്ത്ര ബന്ധം കൂടുതൽ ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കേണ്ട മുൻഗണനാ വിഷയങ്ങൾ ഇരുനേതാക്കളും സമഗ്രമായി അവലോകനം ചെയ്തു. ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനൊപ്പം ആഗോള തലത്തിലെ പുതിയ സുരക്ഷാ വെല്ലുവിളികളും ചർച്ചയിൽ പ്രധാന വിഷയമായി. നയതന്ത്ര രംഗത്ത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ തയ്യാറാണെന്ന് ഇരുനേതാക്കളും ഉറപ്പുനൽകി.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ വിപുലമാക്കുന്നതിനും പ്രതിരോധ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനും ചർച്ചയിൽ പ്രാധാന്യം നൽകി. സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ നിർദ്ദേശങ്ങളും തന്ത്രപ്രധാനമായ കരാറുകളും ചർച്ചയിൽ ഉരുത്തിരിഞ്ഞുവന്നു. വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനും ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ അടുപ്പത്തോടെ പ്രവർത്തിക്കാൻ ധാരണയായി. ഇത് സാമ്പത്തിക വളർച്ചയ്ക്കും പ്രതിരോധ ശേഷിക്കും പുതിയ കരുത്ത് പകരും.
ലോകസമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തർക്കങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും പരിഹരിക്കേണ്ടതിന്റെ ആവശ്യകത പ്രധാമന്ത്രി നരേന്ദ്ര മോദി എടുത്തുപറഞ്ഞു. വികസനത്തിന്റെയും സമാധാനത്തിന്റെയും പാതയിൽ ലോക രാജ്യങ്ങൾക്ക് മുന്നിൽ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുമെന്ന് ഇരു രാഷ്ട്രത്തലവന്മാരും സംഭാഷണത്തിനൊടുവിൽ വ്യക്തമാക്കി.








