തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാരും ഇന്ധന നികുതി കുറയ്ക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. കേന്ദ്രം ഇന്ധനവിലയുടെ എക്സൈസ് ഡ്യൂട്ടി കുറച്ചെങ്കിലും സംസ്ഥാന ധനമന്ത്രി അത് ചെയ്യാതെ കപട വാദങ്ങള്‍ നിരത്തുകയാണ്. എന്തിനെയും കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കുന്ന നിലപാട് തിരുത്തുകയാണ് ഇനിയെങ്കിലും എല്‍ ഡി എഫും യു ഡി എഫും ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കുറച്ചതോടെ ക്രമാനുഗതമായി സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന കെ.ജി.എസ്. ടി കുറയ്ക്കുന്നതിന് പകരം അബദ്ധജടിലമായ വാദങ്ങള്‍ നിരത്തുകയാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങള്‍ക്ക് ലേഖനങ്ങളിലൂടെയും മാദ്ധ്യമങ്ങളിലൂടെയുമുള്ള മന്ത്രിയുടെ കപടവാദങ്ങളല്ല ആവശ്യം. മറിച്ച് കേന്ദ്രാനുപാതികമായി സംസ്ഥാനവും നികുതി കുറയ്ക്കാനാണ് ജനമാഗ്രഹിക്കുന്നത്. ഇപ്പോള്‍ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് സംസ്ഥാനം നികുതിയായി ഈടാക്കുന്നത്. ഇതുകൂടാതെ ലിറ്ററിന് ഒരു രൂപ വച്ച് സെസും ജനം സംസ്ഥാനത്തിന് നല്‍കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെട്രോളിന്റെ അടിസ്ഥാന വിലയ്ക്ക് പുറമെ ശുദ്ധീകരണ ചെലവും കമ്പനികള്‍ ഈടാക്കുന്ന ലാഭവും കേന്ദ്രത്തിന്റെ നികുതിയും യാത്രാ ചെലവും വ്യാപാരികളുടെ കമ്മിഷനും ഒക്കെ ഉള്‍പ്പെടുത്തിയുള്ള തുകയ്ക്ക് മുകളിലാണ് കേരളം നികുതി ഈടാക്കുന്നത്. കേന്ദ്രം നികുതി കുറയ്ക്കുമ്പോള്‍ സംസ്ഥാനം തങ്ങളുടെ നികുതി അതേ നിരക്കില്‍ ഈടാക്കിയാല്‍ തന്നെ സ്വാഭാവികമായി കുറയുന്ന തുകയുടെ ആനുകൂല്യമാണ് ജനത്തിന് ഇപ്പോള്‍ കിട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post