കോഴിക്കോട്: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ചേവായൂർ സ്വദേശിനിക്കാണ് രോഗ ബാധിച്ചിരിക്കുന്നത്. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലമാണ് പുറത്തു വന്നത്. ആദ്യ ഫലം പോസിറ്റീവായതോടെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി പുനെ വൈറോളജി ലാബിലേക്ക് അയച്ചു. ബംഗളൂരുവിൽ നിന്നുകോഴിക്കോടെത്തിയ യുവതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കൊതുകുകളിലൂടെ പകരുന്ന ഫ്ളാവിവൈറസാണ് സിക്ക വൈറസ്. പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കണ്ണിന് ചുവന്ന നിറം, സന്ധി വേദന, പേശി വേദന, തലവേദന എന്നിവയാണ് സിക്ക വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ പ്രവേശിച്ച് മൂന്ന് മുതൽ 14 ദിവസത്തിന് ശേഷം മാത്രമേ സിക്ക വൈറസ് രോഗ ലക്ഷണങ്ങൾ കാണപ്പെടുകയുള്ളൂ. എന്നാൽ എല്ലാവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ചിലരിൽ ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. അതാണ് ഈ രോഗത്തിന്റെ അപകടവും.
Discussion about this post