മുംബൈ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് ശിക്ഷയിൽ ഇളവ് നൽകി ബോംബെ ഹൈക്കോടതി. പ്രതിയുടെ ശിക്ഷാ കാലാവധി 12 വർഷമായി കുറയ്ക്കാനാണ് കോടതി വിധിച്ചിരിക്കുന്നത്. കൊലപാതകം ആസൂത്രിതമായിരുന്നില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തിന്മേൽ ഉണ്ടായതാണെന്നുമുള്ള പ്രതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ആൾത്തിരക്കുള്ള റോഡിൽ വെച്ച് എല്ലാവരും കേൾക്കെ പ്രതിയുടെ ഭാര്യ ഇയാളെ ഷണ്ഡൻ എന്ന് വിളിച്ചിരുന്നു. പരസ്യമായി ഇങ്ങനെ വിളിച്ച് അപമാനിച്ചാൽ പുരുഷന്മാർ ക്രുദ്ധരാകുന്നത് സ്വാഭാവികമാണെന്നും കോടതി നിരീക്ഷിച്ചു.
കൊലപാതകം നടന്ന ദിവസം പ്രതിയെ യാദൃശ്ചികമായി റോഡിൽ വെച്ച് കണ്ട ഭാര്യ അയാളെ തടഞ്ഞ് നിർത്തുകയും കഴുത്തിൽ കുത്തി പിടിച്ച് ഷർട്ടിന്റെ ബട്ടണുകൾ വലിച്ച് പൊട്ടിക്കുകയും ചെയ്തു. ശേഷം അസഭ്യവർഷം നടത്തുകയും അയാളെ ഷണ്ഡൻ എന്ന് വിളിക്കുകയുമായിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ജോലിക്ക് കൊണ്ടു പോകാൻ കൈയ്യിൽ കരുതിയിരുന്ന അരിവാൾ ഉപയോഗിച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വിവാഹം കഴിഞ്ഞ് 15 വർഷം ഒരുമിച്ച് താമസിച്ച ദമ്പതിമാർക്ക് മൂന്ന് കുട്ടികളും ഉണ്ടായിരുന്നു.
Discussion about this post