മുംബൈ : ബോർഡർ ഗവാസ്കർ ട്രോഫിയിലെ തോൽവിക്ക് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ബിസിസിഐ. താരങ്ങൾക്ക് പ്രകടനത്തിനനുസരിച്ച് ശമ്പളം നൽകുന്ന വേരിയബിൾ പേയ്മെൻ്റ് സംവിധാനമടക്കം നടപ്പിൽ വരുത്താൻ ബി.സി.സി.ഐ. ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. വിദേശ പര്യടനങ്ങളിൽ ഭാര്യയേയും കുടുംബാംഗങ്ങളേയും കൂടെ കൂട്ടുന്നതിലും നിയന്ത്രണം കൊണ്ടു വന്നേക്കും. ഓസ്ട്രേലിയൻ പര്യടനം വിലയിരുത്താൻ മുംബൈയിൽ ചേർന്ന യോഗത്തിൽ ഇക്കാര്യമടക്കം ചർച്ച ചെയ്തതായി സൂചനയുണ്ട്.
പ്രകടനത്തിന് അനുസരിച്ചുള്ള പ്രതിഫലം അഥവാ വേരിയബിൾ പെയ്മെൻ്റ് സിസ്റ്റം നടപ്പാക്കാനാണ് ബിസിസിഐ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകളുള്ളത്. താരങ്ങൾ മല്സരങ്ങളെ കൂടുതൽ ഉത്തരവാദിത്തത്തോടെ സമീപിക്കുന്നു എന്നുറപ്പാക്കാനാണ് ബിസിസിഐ പുതിയ സംവിധാനം മുന്നോട്ട് വയ്ക്കുന്നത്. അതിൽ വീഴ്ചയുണ്ടായാൽ, അത് താരങ്ങളുടെ വരുമാനത്തെയും ബാധിക്കും. അതായത് പ്രകടനം മികച്ചതല്ലെങ്കിൽ, ശമ്പളം വെട്ടിക്കുറയ്ക്കാനാണ് ബി.സി.സി.ഐയുടെ നീക്കം. കോർപ്പറേറ്റ് കമ്പനികൾ വർഷം തോറും മൂല്യനിർണ്ണയം നടത്തുന്ന രീതിയിലാണ് ബിസിസിഐ പുതിയ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന.
ടെസ്റ്റ് താരങ്ങൾക്ക് ഇൻസെൻ്റീവ് നല്കുന്ന പുതിയ സംവിധാനം കഴിഞ്ഞ വർഷം ബിസിസിഐ നടപ്പാക്കിയിരുന്നു. ഇതനുസരിച്ച് ഒരു സീസണിൽ ഇന്ത്യൻ ടീം കളിക്കുന്ന ആകെ ടെസ്റ്റുകളിൽ പകുതിയിലും പങ്കെടുക്കുന്ന താരങ്ങൾക്ക്, ഒരു മല്സരത്തിന് 30 ലക്ഷം രൂപ സാമ്പത്തിക പ്രോത്സാഹനമായി ലഭിക്കും. 75 ശതമാനം ടെസ്റ്റുകളിലും കളിച്ചാൽ ഇത് 45 ലക്ഷമായി ഉയരും. ഇത് നടപ്പിലായി ഒരു വർഷം തികയുമ്പോഴാണ് പ്രതിഫലം വെട്ടിക്കുറയ്ക്കാനും ബിസിസിഐ ഒരുങ്ങുന്നത്.
ഇതിനു പുറമെ വിദേശ പര്യടനങ്ങളിൽ ഭാര്യയേയും കുടുംബാംഗങ്ങളേയും കൂടെ കൂട്ടുന്നതിലും നിയന്ത്രണം കൊണ്ടു വന്നേക്കും. പര്യടനത്തിലുടനീളം ടീമംഗങ്ങൾക്കൊപ്പം ഭാര്യമാരെയും കുടുംബാംഗങ്ങളെയും യാത്ര ചെയ്യാൻ അനുവദിക്കില്ല. വിദേശ പര്യടനങ്ങളിൽ താരങ്ങൾക്കൊപ്പം കുടുംബാംഗങ്ങളും നിൽക്കുന്നത് അവരുടെ പ്രകടനത്തെ ബാധിക്കുമെന്നാണ് ബോർഡിൻ്റെ വിലയിരുത്തൽ. ഇക്കഴിഞ്ഞ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയ്‌ക്കിടെ, പല താരങ്ങളുടെയും ഭാര്യമാരും കുടുംബങ്ങളും പര്യടനത്തിലുടനീളം ഓസ്‌ട്രേലിയയിൽ ഉണ്ടായിരുന്നു. പുതിയ നിയമം അനുസരിച്ച്, 45 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പര്യടനങ്ങളിൽ ഭാര്യയ്‌ക്കോ കുടുംബത്തിനോ 14 ദിവസം മാത്രമേ ടീമംഗത്തിനൊപ്പം താമസിക്കാൻ കഴിയൂ. ചെറിയ ടൂറുകളിൽ താമസത്തിനുള്ള പരിധി വെറും ഏഴ് ദിവസമായി കുറയും.
ബോർഡർ ഗവാസ്കർ പരമ്പരയിൽ 3-1നായിരുന്നു ഇന്ത്യ ഓസ്ട്രേലിയക്ക് മുന്നിൽ പരമ്പര അടിയറ വച്ചത്. ഇതിന് മുൻപ് സ്വന്തം മണ്ണിൽ ന്യൂസിലൻ്റിനോട് 3-0നും പരമ്പര തോറ്റിരുന്നു. ഇതേ തുടർന്നാണ് ബി.സി.സി.ഐ. നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുന്നത്.
Discussion about this post