ന്യൂഡൽഹി: കോൺഗ്രസിന്റെ അധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്ന 17 ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് അവധി. കർണാടകയിലാണ് നിലവിൽ ഭാരത് ജോഡോ യാത്ര പര്യടനം നടത്തുന്നത്. 17 ന് ബെല്ലാരിയിലാകും യാത്ര. നേതാക്കൾക്ക് വോട്ട് ചെയ്യാനുളള സൗകര്യമൊരുക്കാനാണ് അന്ന് യാത്ര ഒഴിവാക്കുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു .
യാത്രയുടെ ക്യാമ്പിൽ വോട്ട് ചെയ്യാൻ പ്രത്യേകം പോളിങ് ബൂത്ത് ഒരുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന ഘടകത്തിലെ നേതാക്കൾ ബംഗലൂരുവിലാകും വോട്ട് രേഖപ്പെടുത്തുന്നത്.
18 ന് ആന്ധ്രയിലേക്ക് കടക്കുന്ന യാത്ര ഇവിടെ മൂന്ന് ദിവസം പര്യടനം നടത്തും. 95 കിലോമീറ്ററാണ് ആന്ധ്രയിൽ സഞ്ചരിക്കുക. ഇതിന് ശേഷം വീണ്ടും കർണാടകയിലെ റെയ്ച്ചൂരിലേക്ക് തിരിച്ചെത്തും. പിന്നീട് തെലങ്കാനയിലേക്ക് പോകുമെന്നും ജയറാം രമേശ് പറഞ്ഞു.
മല്ലികാർജ്ജുൻ ഖാർഗെയും ശശി തരൂരുമാണ് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 19 നാണ് വോട്ടെണ്ണൽ.











