ന്യൂഡൽഹി : രണ്ട് മാസം മുൻപ് കാണാതായ അസം യുവതി വാഹിദയും, പ്രായപൂർത്തിയാകാത്ത മകനും പാക് ജയിലിൽ . ഭർത്താവ് മുഹമ്മദ് മൊഹ്‌സിൻ ഖാന്റെ മരണത്തിനു പിന്നാലെ 1.60 കോടി രൂപയുടെ സ്വത്ത് ഇവർ വിറ്റിരുന്നു . ഇതിനു പിന്നാലെ നവംബർ 10 ന് അസമിലെ നാഗോൺ ജില്ലയിൽ നിന്നാണ് ഇവരെ കാണാതായത്.
വാഹിദയെ കാണാതായതിനെ തുടർന്ന് അമ്മ അസിഫ ഖാത്തൂൺ നാഗോൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ അന്വേഷണം ഫലം കണ്ടില്ല. നവംബർ 30ന് അസിഫയ്ക്ക് ഒരു വാട്‌സ്ആപ്പ് കോൾ ലഭിച്ചു . ഇതിൽ താൻ പാകിസ്ഥാനിൽ നിന്നുള്ള അഭിഭാഷകനാണെന്നും ആസിഫയുടെ മകളെയും ചെറുമകനെയും പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐഎ) തടവിലാക്കിയിട്ടുണ്ടെന്നും പറഞ്ഞു. വിളിച്ചയാൾ പറഞ്ഞതനുസരിച്ച് അമ്മയും മകനും ക്വറ്റ ജില്ലാ ജയിലിലായിരുന്നു. ആസിഫയ്ക്ക് ഇതുമായി ബന്ധപ്പെട്ട പേപ്പർ അയച്ചിട്ടുണ്ടെന്നും.
അതിന്റെ പകർപ്പ് പാകിസ്ഥാനിലെ ഇന്ത്യൻ എംബസിയിലേക്ക് അയച്ചിട്ടുണ്ടെന്നും വിളിച്ചയാൾ പറഞ്ഞിരുന്നു . തുടർന്ന് ആസിഫ അഭിഭാഷകനായ സന്തോഷ് സുമനുമായി ബന്ധപ്പെടുകയും അദ്ദേഹം മുഖേന വിദേശകാര്യ മന്ത്രാലയത്തെയും പാകിസ്ഥാൻ എംബസിയെയും സമീപിക്കുകയും ചെയ്തു. വഹീദയെയും മകനെയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ഡൽഹി ഹൈക്കോടതിയെയും സമീപിച്ചിരിക്കുകയാണ് കുടുംബം.










