ആലപ്പുഴ: കോടികളുടെ ലഹരി കടത്താൻ ശ്രമിച്ച സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് ആലപ്പുഴ നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ ഷാനവാസ്. അഞ്ച് നേരം നിസ്കരിക്കുന്ന വിശ്വാസിയാണ് താൻ. തെറ്റ് ചെയ്തിട്ടില്ലെന്നും ഷാനവാസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
തന്നെ സസ്പെൻഡ് ചെയ്ത പാർട്ടി നടപടി അംഗീകരിക്കുന്നു. ലോറി വാങ്ങിയപ്പോൾ സ്വത്ത് സമ്പാദനം എന്ന നിലയിൽ വിവരം പാർട്ടിയെ അറിയിക്കണമായിരുന്നു. എന്നാൽ ഇത് ചെയ്തില്ല. അത് തെറ്റായിപ്പോയി. ഒരു കുറ്റവും ചെയ്തിട്ടില്ല. ഇത് തെളിയിക്കപ്പെടും. അപ്പോൾ പാർട്ടിയിൽ തിരികെയെത്തുമെന്നും ഷാനവാസ് പറഞ്ഞു.
അഞ്ച് നേരവും മുടങ്ങാതെ നിസ്കരിക്കുന്ന വിശ്വാസിയാണ് താൻ. തെറ്റ് ചെയ്തിട്ടില്ല. 16 വയസ്സ് മുതൽ സിപിഎമ്മിനൊപ്പമുണ്ട്. ഇതിന്റെ ഫലമാണ് കൗൺസിലർ പദവി. അല്ലാതെ ഒരു സുപ്രഭാതത്തിൽ കൗൺസിലർ ആയ വ്യക്തിയല്ല. പരാതി ഉയർന്നത് വ്യക്തി വൈരാഗ്യത്തെ തുടർന്നാണ്. പാർട്ടിയിൽ വിഭാഗീയതയുണ്ടെന്ന് കരുതുന്നില്ല. സജാദിന്റെ വാക്ക് വിശ്വസിച്ചാണ് ലോറി വാടകയ്ക്ക് നൽകിയതെന്നും ഷാനവാസ് പറഞ്ഞു. ഇന്നലെയാണ് ഷാനവാസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
അതേസമയം സംഭവത്തിൽ ഷാനവാസിനെതിരെ സിപിഎം പ്രവർത്തകർ ഇഡിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ഷാനവാസിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ലഹരിക്കടത്തിൽ ഷാനവാസിനെതിരെ പോലീസ് അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. ലോറി വാടകയ്ക്ക് നൽകിയെന്ന് കാണിച്ച് ഷാനവാസ് നൽകിയ രേഖകൾ വ്യാജമാണെന്നാണ് പോലീസ് സംശയിക്കുന്നത്. അതിനാൽ രേഖകൾ വിശദമായി പരിശോധിച്ചുവരികയാണ്.
Discussion about this post