ലഹരി- ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം; അനധികൃതമായി സമ്പാദിച്ചത് ലക്ഷങ്ങൾ; സിപിഎം കൗൺസിലർ ഷാനവാസിന്റെ ലഹരിക്കടത്തിലെ പങ്ക് വ്യക്തമാക്കി പോലീസിന്റെ അന്വേഷണ റിപ്പോർട്ട്

Published by
Brave India Desk

ആലപ്പുഴ: നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ ഷാനവാസിന് ലഹരി- ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം. പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളത്. ഇതോടെ ലഹരി കടത്ത് കേസിൽ ഷാനവാസിനുള്ള പങ്ക് വ്യക്തമാകുകയാണ്.

നിരവധി ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളുമായി ഷാനവാസിന് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിന് പുറമേ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനും ഷാനവാസിനെതിരെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പല അനധികൃത സാമ്പത്തിക ഇടപാടുകളിലും  ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോഴഞ്ചേരി സ്വദേശി ഷാരോണിന് ഷാനവാസ് രഹസ്യതാവളം ഒരുക്കിയിരുന്നു. ലഹരി കടത്തുന്നതിനിടെ പിടിയിലായ ഇജാസ് ഷാനവാസിന്റെ ബിനാമിയാണ്. ഇജാസുൾപ്പെടെയുള്ള ബിനാമികളെ ഉപയോഗിച്ചാണ് സിപിഎം നേതാവ് ഇടപാടുകൾ നടത്താറുള്ളത്. രാഷ്ട്രീയ പിൻബലം ഉപയോഗിച്ച് കുറ്റകൃത്യങ്ങളെല്ലാം ഷാനവാസ് ഇത്രനാൾ മറച്ചുവയ്ക്കുകയാണെന്നും പോലീസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ആഴ്ച ഷാനവാസിന്റെ ലോറിയിൽ കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ വിശദമായ അന്വേഷണത്തിലാണ്  നിർണായക വിവരങ്ങൾ ലഭിച്ചത്. ഇതിന് പിന്നാലെ ഷാനവാസിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. തനിക്ക് ലഹരിക്കടത്തിൽ പങ്കില്ലെന്നും, ലോറി വാടകയ്ക്ക് കൊടുത്തിരുന്നു എന്നുമാണ് ഷാനവാസ് സംഭവത്തിൽ പ്രതികരിച്ചത്. എന്നാൽ ഈ വാദം തെറ്റാണെന്നാണ് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Share
Leave a Comment

Recent News