ആലപ്പുഴ: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം നടത്തും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് തുടരന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത്. പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് തുടരന്വേഷണം എന്ന് അദ്ദേഹം പറഞ്ഞു.
എ.ഡി.ജി.പി അനന്ദകൃഷ്ണന്റെ മേല്‍ നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്.പി പി.കെ. മധുവിനാണ് അന്വേഷണ ചുമതല. ശാശ്വതീകാനന്ദയുടെ ബന്ധുക്കളും രാഷ്ട്രീയ നേതാക്കളുമുള്‍പ്പെടെ നിരവധി പേര് തുടരന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് ബിജു രമേശ് അടക്കമുള്ളവര്‍ ആരോപണമുന്നയിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചത്. അതേ സമയം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നെന്നും ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത പറഞ്ഞു.
അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്
അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ശാശ്വതപരിഹാരം ഉണ്ടാകട്ടെ. സംശയരോഗികൾക്ക് രോഗശമനമുണ്ടാകട്ടെ. ഒരു ചുക്കും തനിക്കുനേരെ ഉണ്ടാകാൻ പോകുന്നില്ല. അന്വേഷണം സ്വാമിയോടുള്ള കടന്ന ക്രൂരതയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വൈകിയെങ്കിലും ഇത്തരം തീരുമാനം കൈകൊണ്ടതില്‍ സന്തോഷമുണ്ടെന്ന് സി.കെ വിദ്യാസാഗര്‍ പ്രതികരിച്ചു. വിഷയത്തില്‍ പുനരന്വേഷണം നടത്തണമെന്ന് എസ്എന്‍ഡിപി യോഗം നേരത്തെ പ്രസ്താവന ഇറക്കിയിരുന്നുവെന്നും വിദ്യാസാഗര്‍ പറഞ്ഞു.
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന പ്രിയന് പ്രതികരിച്ചു. ആരോപണം ഉന്നയിച്ച ബിജു രമേശ് തെളിവ് ഹാജരാക്കണം. ബിജു രമേശിനെ ചോദ്യം ചെയ്യണമെന്നും പ്രിയന് ആവശ്യപ്പെട്ടു.
ഇപ്പോഴെങ്കിലും അന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോമുണ്ടെന്നും ശ്രീനാരായണധര്‍മ്മവേദി പ്രസിഡണ്ട് ഗോകുലം ഗോപാലന് പറഞ്ഞു.
ഇതിനിടെ പ്രിയനാണ് ശാശ്വതികാനന്ദയെ കൊലപ്പെടുത്തിയതെന്ന ആരോപണം ബിജു രമേശ് ആവര്‍ത്തിച്ചു.
ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് ബിജു രമേശ് അടക്കമുള്ളവര്‍ ആരോപണമുന്നയിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ശാശ്വതീകാനന്ദയെ വാടകകൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു ശ്രീനാരായണ ധര്‍മ്മ വേദി ജനറല്‍ സെക്രട്ടറി ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
ഇതേ തുടര്‍ന്ന് തുടരന്വേഷണ സാദ്ധ്യത ആരായാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ നിയോഗിച്ചിരുന്നു. കേസ് തുടരന്വേഷിക്കാമെന്ന് ക്രൈംബ്രാഞ്ച് എസ്.പി മധു റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു നിലപാടിലേക്ക് എത്തിയത്.
സ്വാമിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍, കേസ് തുടരന്വേഷിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. നീന്തലറിയാമായിരുന്ന സ്വാമി ശാശ്വതീകാനന്ദ മുങ്ങി മരിക്കുമോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
Discussion about this post