ഡല്‍ഹി: 2012 ഡിസംബറിലെ ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ കൗമാരക്കാരനായിരുന്ന കുറ്റവാളിയെ സര്‍ക്കാര്‍ മോചിപ്പിയ്ക്കും. മൂന്ന് വര്‍ഷത്തെ ശിക്ഷാ കാലാവധി തീരാന്‍ ഒരു മാസം ബാക്കിയുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അനുമതിയോടെ മാത്രമേ ഇയാളെ നേരത്തെ മോചിപ്പിയ്ക്കാന്‍ സാധിക്കുകയുള്ളു.
നിലവില്‍ ഇയാള്‍ക്ക് ഇരുപത് വയസായി. യുവാവിനെതിരെ ആക്രമണമുണ്ടായേക്കുമെന്ന ആശങ്കയില്‍ മാദ്ധ്യമശ്രദ്ധയില്‍ നിന്നും പൊതുജനശ്രദ്ധയില്‍ നിന്നും മാറ്റി നിര്‍ത്താനാണ് ഒരു മാസം നേരത്തെ മോചിപ്പിയ്ക്കുന്നത്. പുറത്തെത്തിയാല്‍ വധിയ്ക്കപ്പെടുമെന്ന് ഭയപ്പെടുന്ന യുവാവ് ജുവനൈല്‍ ഹോമില്‍ നിന്ന് മോചിപ്പിയ്ക്കപ്പെടാന്‍ ആഗ്രഹമില്ലെന്ന് പൊലീസിനോട് പറഞ്ഞിരുന്നു.
യുവാവിന്റെ കുടുംബത്തേയും സര്‍ക്കാര്‍ മാറ്റിപ്പാര്പ്പിയ്ക്കും. ഡല്‍ഹി ഹൈക്കോടതി സ്ഫോടന കേസില്‍ ശിക്ഷിയ്ക്കപ്പെട്ട മറ്റൊരു കുട്ടി കുറ്റവാളിയ്ക്കൊപ്പമായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്. നിരന്തരം ഇന്റലിജന്‍സ് ബ്യൂറോയുടെ നിയന്ത്രണത്തിലുമാണ് ഇവര്‍. 2012 ഡിസംബര്‍ 16 ലെ സംഭവത്തില്‍ അഞ്ച് പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
Discussion about this post