ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറില്‍ പോലീസിന് നേരെ ആക്രമണവുമായി വാരിസ് പഞ്ചാബ് ദേ സംഘം. ‘വാരിസ് പഞ്ചാബ് ദേ’ തലവൻ അമൃതപാൽ സിങ്ങിന്റെ സഹായി ലവ്പ്രീത് തൂഫാൻ സിങ്ങിനെ പ്രതിഷേധത്തിൻറെ ഭാഗമായി പോലീസ് അറസ്ററ് ചെയ്തിരുന്നു. ഇതിനെതിരെ വാളുകളും തോക്കുകളും മറ്റ് ആയുധങ്ങളുമായി നൂറുക്കണക്കിന് പേരാണ് പോലീസുകാരെ ആക്രമിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണം.
പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാണ് അമൃതപാൽ സിങ്ങ് പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ വിട്ടയണക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെയും അമൃത്പാൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൻറെ പ്രത്യാഘാതം അമിത് ഷാ നേരിടേണ്ടിവരുമെന്നാണ് ഖാലിസ്ഥാൻ ഭീകരരുടെ മുന്നറിയിപ്പ്.
ഖാലിസ്ഥാൻ പ്രസ്ഥാനത്തെ വളരാൻ അനുവദിക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെയാണ് ഇവരുടെ വിമർശനം. ഇന്ദിരാഗാന്ധിയുടെ അനുഭവം നേരിടാൻ അമിത്ഷാ തയ്യാറാവാണമെന്നാണ് ഇവരുടെ താക്കീത്. ‘ഇന്ദിരാഗാന്ധിയും ഇത് തന്നെ ചെയ്തു, നിങ്ങൾ ഇത് ചെയ്താൽ അതിന്റെ അനന്തരഫലങ്ങൾ അഭിമുഖീകരിക്കേണ്ടിവരും, ‘അമൃതപാൽ പറഞ്ഞു.
പഞ്ചാബിലെ മോഗയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അമിത്ഷാ ഖാലിസ്ഥാൻ സംഘടനയ്ക്കെതിരെ പ്രസ്താവന നടത്തിയത്. പഞ്ചാബിലെ ഖലിസ്ഥാൻ അനുകൂലികളെ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നായിരുന്നു അമിത്ഷായുടെ പ്രസ്താവന.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നാണ് അമൃതപാൽ സിംഗ് ആരോപിക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, പിന്നീട് എന്ത് സംഭവിച്ചാലും ഭരണകൂടം ഉത്തരവാദിയായിരിക്കുമെന്നാണ് ഖാലിസ്ഥാൻ അനുകൂലികളുടെ ഭീഷണി. അതേസമയം പ്രവർത്തകർ പോലീസിനെ ആക്രമിച്ചിട്ടില്ലെന്നാണ് അമൃതപാൽ സിംഗ് പറയുന്നത്. പോലീസുകാരെ മർദിച്ചെന്ന ആരോപണം അമൃത്പാൽ സിംഗ് നിഷേധിച്ചു. പോലീസുകാർക്ക് പരിക്കേറ്റതായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും എന്നാൽ വീണു പരിക്കേറ്റിട്ടുണ്ടാകുമെന്നും അത് തങ്ങളുടെ തലയിൽ കെട്ടിവെയ്ക്കേേണ്ടെന്നും അമൃത്പാൽ സിങ്ങ് പ്രതികരിച്ചു.








