കൊച്ചി; പ്രകൃതി സംരക്ഷണത്തിനായി പ്രതിജ്ഞ ചെയ്ത് കുട്ടികൾ. ജലദിനവും ഭൂ സുപോഷണ യജ്ഞവും പ്രമാണിച്ചു പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഹ്വാനപ്രകാരം നടത്തിയ പ്രകൃതിരക്ഷാ പ്രതിജ്ഞയിൽ ആവേശപൂർവ്വമാണ് വിദ്യാർത്ഥികൾ പങ്കെടുത്തത്. നാളത്തെ തലമുറയിൽ പ്രകൃതി സംരക്ഷണത്തെക്കുറിച്ചുളള അവബോധം പകരുന്നത് കൂടിയായി പരിപാടി.
‘കടുത്ത വേനലിൽ മനുഷ്യനെപോലെ പക്ഷിമൃഗാദികളും ദാഹിച്ചു വലയുന്നു. അവയെയും സംരക്ഷിക്കാനുള്ള ബാധ്യത തങ്ങൾ ഏറ്റെടുക്കുന്നു. കുട്ടികൾ ഒന്നിച്ച് ഏറ്റുപറഞ്ഞു. സ്‌കൂൾ അങ്കണത്തിലെ മരങ്ങളിൽ പക്ഷികൾക്കായി ജലപാത്രം സജ്ജീകരിച്ചും കുട്ടികൾ പ്രകൃതിക്കായി ഒന്നിച്ചു. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവേയാണ് കുട്ടികൾ പ്രകൃതി സംരക്ഷണത്തിനായി കുറച്ച് സമയം നീക്കിവെച്ചത്.
എളമക്കര സരസ്വതി വിദ്യാനികേതൻ, പച്ചാളം ചാത്യത് സെന്റ് ജോസഫ് സ്‌കൂൾ, പനങ്ങാട് കാമോത് സ്‌കൂൾ തുടങ്ങി എറണാകുളം ജില്ലയിലെ അമ്പതിലേറെ സ്‌കൂളുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചത്. അദ്ധ്യാപകർ മുൻകൈയ്യെടുത്തായിരുന്നു കുട്ടികളെ ഇതിനായി പ്രേരിപ്പിച്ചത്.












